KSDLIVENEWS

Real news for everyone

സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെ ഉറവിടം തേടി പോലീസ്‌; മാധ്യമപ്രവർത്തകരുടെ ചോദ്യംചെയ്യൽ തുടരുന്നു

SHARE THIS ON

തിരുവനന്തപുരം: സർക്കാരിന് അലോസരമുണ്ടാക്കുന്ന വാർത്തകളുടെ ഉറവിടം കണ്ടെത്താനുള്ള പെടാപ്പാടിലാണ് കേരള പോലീസ്. മാധ്യമപ്രവർത്തകർ ഇനിയും കേസുകളിൽ പ്രതിയാകാനുള്ള സാധ്യത ഏറെ. സംസ്ഥാനത്തെ പല കേസുകളിൽ മാധ്യമപ്രവർത്തകരെ ചോദ്യംചെയ്യാനായി വിളിപ്പിക്കുന്നുണ്ട്. ചോദ്യംചെയ്യാതെ ഉറവിടം കണ്ടെത്താനുള്ള സാങ്കേതികവഴികളിലും പോലീസ് തിരച്ചിലിലാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാവിവരങ്ങൾ ചോർന്നതിൽ തിരുവനന്തപുരത്തെ ഒരു സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏതൊക്കെ മാധ്യമപ്രവർത്തകർ പ്രതികളാകുമെന്ന് വ്യക്തമല്ല. ഒരു വാർത്ത പുറത്തുവന്നതിന്റെ ഉറവിടം കണ്ടെത്തുകയാണ് പോലീസ് അന്വേഷണത്തിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. പല കേസുകളിലും സാക്ഷിയെന്ന നിലയിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച മാധ്യമപ്രവർത്തകരിൽനിന്ന് തേടുന്നതും എങ്ങനെ വിവരം കിട്ടി എന്നതാണ്. അഴിയൂരിലെ ഒരു പോക്സോ കേസിൽ, കേസ് രജിസ്റ്റർ ചെയ്ത് നാലുമാസം കഴിഞ്ഞാണ് അത് റിപ്പോർട്ട് ചെയ്ത ഒരു മാധ്യമപ്രവർത്തകനെ പോലീസ് ചോദ്യംചെയ്യുന്നത്. പോലീസ് നീക്കത്തിൽ സംശയമുള്ളതിനാൽ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചോദ്യംചെയ്യലിന് അദ്ദേഹം ഹാജരാകുന്നത്. പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിനെതിരേ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് റിപ്പോർട്ടുചെയ്ത സംഭവത്തിലും വാർത്ത വന്ന ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. കോഴിക്കോട് മെഡിക്കൽകോളേജിൽ ആൾക്കൂട്ട അക്രമത്തിനിരയായ ആദിവാസി യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ മാധ്യമവാർത്തകളുടെ ഉള്ളറതേടാനും പോലീസ് ഏറെ ശ്രമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനഘട്ടത്തിൽ സുരക്ഷാവിവരം ചോർന്നത് എങ്ങനെയെന്ന് പോലീസ് ആസ്ഥാനത്ത് അന്വേഷണം നടന്നതാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർപോലും സംശയത്തിന്റെ നിഴലിലായപ്പോഴാണ് എഫ്.ഐ.ആറിൽ പ്രതികളെ ചേർക്കാതെ പാതിവഴിയിൽ നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!