KSDLIVENEWS

Real news for everyone

ബിപോർജോയ്: ജാഗ്രതയിൽ ഗുജറാത്ത്, റെഡ് അലർട്ട്; 44,000 പേരെ മാറ്റിപാർപ്പിച്ചു

SHARE THIS ON

അഹമ്മദാബാദ്∙ ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുമ്പോൾ ജാഗ്രതയിൽ ഗുജറാത്ത്. നിലവിൽ വടക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതിചെയ്യുന്ന ബിപോർജോയ്, വടക്ക് – വടക്കുകിഴക്ക് ദിശയിൽ സൗരാഷ്ട്ര–കച്ച് അതിനോട് ചേർന്നുള്ള പാക്കിസ്ഥാൻ തീരത്ത് മാണ്ഡ്വിക്കും (ഗുജറാത്ത്‌) കറാച്ചിക്കും ഇടയിൽ ജാഖു പോർട്ടിനു സമീപം നാളെ വൈകിട്ടോടെ മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റർ വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേത്തുടർന്ന് ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് 44,000 പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. സൗരാഷ്ട്രയിലും കച്ചിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ സജ്ജമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സൈന്യവും തയാറാണ്.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ വെർച്വൽ യോഗത്തിൽ തയാറെടുപ്പുകൾ അവലോകനം ചെയ്തിരുന്നു. ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ ക്രമീകരണങ്ങൾ ചെയ്യണമെന്നും എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കാനും അമിത് ഷാ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!