ഇരട്ടച്ചങ്കനല്ല, ആകാശവാണി: അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്: സതീശന്

കോഴിക്കോട്: എ.ഐ. ക്യാമറ, കെ ഫോണ്‍ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം തെളിവ് സഹിതം ഉന്നയിച്ചത്. അതുകൊണ്ടാണ് അമേരിക്കയിലെ ടൈം സ്ക്വയര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയ കേസിലാണ് വിജിലന്‍സ് അന്വേഷണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെയും ഉണ്ടാക്കിയ കേസാണ്. പത്ത് കോടി രൂപ മോന്സണ് മാവുങ്കലിന് കൊടുത്തെന്നാണ് സി.പി.എം. പശ്ചാത്തലമുള്ള പരാതിക്കാരന് പറയുന്നത്. പിന്നീട് 25 ലക്ഷം കൊടുത്തത് സുധാകരന്റെ സാന്നിധ്യവും ഉറപ്പും ഉള്ളതുകൊണ്ടാണെന്നും പറയുന്നുണ്ട്. അപ്പോള്‍ ആദ്യം പത്ത് കോടി കൊടുത്തത് ആരുടെ ഉറപ്പിലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. പരാതിക്ക് ഒരു യുക്തിയുമില്ല. ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി സുധാകരനെ പെടുത്താന്‍ ശ്രമിക്കുകയാണ്. എം.പി. ആയതിനാല്‍ പബ്ലിക് ഫിനാന്‍സ് കമ്മിറ്റില് ഇടപെടുമെന്ന് സുധാകരന് ഉറപ്പ് നല്‍കിയെന്നതിലും യുക്തിയില്ല. ഈ സംഭവം നടന്നെന്ന് പറയുന്ന കാലത്ത് അദ്ദേഹം എം.പിയല്ല. ഇത്രയും പണം നല്‍കുന്നവര്‍ക്ക് സുധാകരന് എം.പി അല്ലെന്ന് അറിയില്ലായിരുന്നോ? പബ്ലിക് ഫിനാന്‍സ് കമ്മിറ്റി എന്നൊരു കമ്മിറ്റി പാര്ലമെന്റിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തില്‍ നിന്നും മുങ്ങാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ പേടിച്ചു പോയെന്ന് പറയാന്‍ പറഞ്ഞത്. സര്‍ക്കാരിനെതിരായ ബാക്കി ആരോപണങ്ങള്‍ പിന്നാലെ വരുന്നുണ്ട്. എന്ത് ആരോപണങ്ങള്‍ വന്നാലും മുഖ്യമന്ത്രി മിണ്ടില്ല. മൗനത്തിന്റെ മാളത്തില്‍ ഒളിക്കും. ഇത് ഇരട്ടച്ചങ്കന് വിജയനല്ല, ആകാശവാണി വിജയനാണ്. റേഡിയോയെ പോലെ ഇങ്ങോട്ട് പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കണം. ഒരു ചോദ്യത്തിനും ഉത്തരം പറയില്ല. സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും അഴിമതി ക്യാമറയിലും ഊരാളുങ്കലിലുമെല്ലാം വഴികളെല്ലാം അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ വീട്ടിലാണ് ഇരിക്കുന്നത്’, സതീശന് പറഞ്ഞു.

