KSDLIVENEWS

Real news for everyone

പനമ്പള്ളി നഗറിൽ പാലത്തിലിടിച്ച് വാഹനം കത്തി നശിച്ചു; മത്സരയോട്ടം സംശയിച്ച് പൊലീസ്

SHARE THIS ON

കൊച്ചി∙ നഗരത്തിൽ പനമ്പിള്ളി നഗർ കല്ലുപാലത്തിനു സമീപം കാർ ഡിവൈഡറിൽ ഇടിച്ച് കത്തിനശിച്ചു. അപകടത്തിൽ ഒരാൾക്കു പരുക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആയിരുന്നു സംഭവം. കാറിൽ രണ്ടു യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽപെട്ട് കാർ കത്തിത്തുടങ്ങിയതോടെ ഇരുവരും ചാടി പുറത്തിറങ്ങി. തുടർന്ന് കാർ പൂർണമായി കത്തിനശിച്ചു. പരുക്കേറ്റ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ സ്റ്റിയറിങ് ലോക്ക് ആയിരുന്നു. ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തെത്തുടർന്നു കാറിലെ ബാറ്ററിയിലുണ്ടായ തകരാറാണ് തീപിടിത്തതിനു കാരണമെന്നു സംശയിക്കുന്നതായി അഗ്നിശമന സേന പറഞ്ഞു. വാഹനത്തിന്റെ ബോണറ്റിൽ നിന്നാണ് തീപടർന്നത്. മത്സരയോട്ടത്തെ തുടർന്നാണു കാർ അപകടത്തിൽപെട്ടതെന്ന സംശയത്തെത്തുടർന്ന്, അപകടം നടന്നതിനു സമീപത്തെ സിസിടിവി ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഗാന്ധിനഗറിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. പനമ്പള്ളി നഗറിൽനിന്ന് അമിത വേഗത്തിൽ വന്ന കാർ കൃഷ്ണയ്യർ റോഡിലേക്ക് പ്രവേശിക്കവേ പാലത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷി സൂസൻ മനോരമ ന്യൂസിനോട് പറഞ്ഞു. ‘ശബ്ദം കേട്ടിട്ടാണ് വന്നു നോക്കിയത്. വണ്ടിയുടെ അടുത്തേക്ക് വന്നപ്പോഴേക്കും രണ്ടു പേർ ഇറങ്ങി വരുന്നതാണ് കണ്ടത്. പെട്ടെന്നു തന്നെ വണ്ടി പുകയുകയും കത്തുകയും ചെയ്തു. ഇടിച്ച് രണ്ടു മിനിറ്റിനകം വാഹനം കത്തി. വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി മാറിയതും കാർ കത്തുകയുമായിരുന്നു’– സൂസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!