തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ മാറ്റം: പോളിങ് ഉദ്യോഗസ്ഥർക്ക് ബൂത്തിൽ നേരിട്ടെത്താം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുരീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ വാങ്ങാൻ വിതരണകേന്ദ്രത്തിൽ എത്തേണ്ട എന്നതാണ് സുപ്രധാന മാറ്റം.
പ്രിസൈഡിങ് ഓഫീസർ ഉൾപ്പെടെയുള്ളവർ നേരിട്ട് ബൂത്തിൽചെന്നാൽ മതി. ഒരോ പ്രദേശത്തേക്കും നിയോഗിക്കുന്ന സെക്ടറൽ ഓഫീസർമാർ ഇ.വി.എം. ഉൾപ്പെടെയുള്ള പോളിങ് സാധനങ്ങൾ പോളിങ് ബൂത്തിൽ എത്തിക്കും. അവിടെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങണം. വോട്ടെടുപ്പിനു ശേഷം ഇതേ സെക്ടറൽ ഓഫീസർ സ്റ്റേഷനിലെത്തി സാധനങ്ങൾ തിരിച്ചെടുത്ത് ഇവ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ബുധനാഴ്ച വിവിധ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഈ മാറ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു.
ഓരോ മേഖലയ്ക്കും സെക്ടറർ ഓഫീസറെ നിയമിക്കുന്നതാണ് മറ്റൊരുമാറ്റം. ഒരേദിക്കിലുള്ള പ്രദേശങ്ങളും വേഗത്തിലെത്താവുന്ന സ്ഥലങ്ങളും ഉൾപ്പെടുത്തിയാണ് സെക്ടറൽ ഓഫീസർമാരെ നിയമിക്കുക. സെക്ടറൽ ഓഫീസർമാരും അനുബന്ധ ജീവനക്കാരും നിശ്ചിത സമയത്ത് വിതരണ കേന്ദ്രത്തിലെത്തണം. റിസർവിലുള്ള ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിലാണ് വരേണ്ടത്. ഇവർക്ക് വാഹനം അനുവദിക്കും. ഇനിവരുന്ന കൂടുതൽ ഉപതിരഞ്ഞെടുപ്പുകളിൽ സെക്ടറൽ ഓഫീസർവഴിയുള്ള വിതരണ രീതി നടപ്പാക്കുമെന്നും എ. ഷാജഹാൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടത്തിപ്പിൽ കാര്യമായ മാറ്റം വരുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ‘തിരഞ്ഞെടുപ്പ് പ്രക്രിയ പ്രാകൃതം അശാസ്ത്രീയം’ എന്ന ലേഖനവും തിരഞ്ഞെടുത്ത നിർദേശങ്ങളും അഭിപ്രായങ്ങളും കമ്മിഷൻ പരിഗണിച്ചു. പൊതുജനങ്ങൾ ഉൾപ്പെടെ വ്യത്യസ്ത തുറയിലുള്ളവരുടെ നിർദേശങ്ങൾ കമ്മിഷനും ക്ഷണിച്ചിരുന്നു. കമ്മിഷന് ലഭിച്ച അഞ്ഞൂറിലേറെ നിർദേശങ്ങൾകൂടി പരിശോധിച്ചാണ് പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നത്. സമിതിയുടെ റിപ്പോർട്ട് പൂർണമാകുന്ന മുറയ്ക്ക് രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച ചെയ്യും. സർക്കാരിന്റെ അനുമതി വേണ്ടവ പരിഗണനയ്ക്കായി വിടും. എന്നിട്ടേ അന്തിമമാക്കൂ എന്ന് കമ്മിഷണർ പറഞ്ഞു

