KSDLIVENEWS

Real news for everyone

മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ. സുരേന്ദ്രന് നോട്ടീസ് നല്‍കും

SHARE THIS ON

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത്‌ ബി.എസ്‌.പി സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപ കോഴ നല്‍കിയ കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന. ജില്ലാ ക്രൈംബ്രാഞ്ച്‌ ഈ ആഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നല്‍കുമെന്നാണ്‌ സൂചന. ബി.എസ്‌.പി സ്ഥാനാര്‍ഥി കെ.സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്‌ കാസര്‍കോട്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശപ്രകാരമാണ്‌ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്‌. ബദിയടുക്ക പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ പിന്നീട്‌ ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.

മാര്‍ച്ച്‌ 22ന്‌ കാസര്‍കോട്‌ താളിപ്പടുപ്പില്‍ കെ. സുരേന്ദ്രന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വെച്ചാണ്‌ പത്രിക പിന്‍വലിപ്പിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത്. കാഞ്ഞങ്ങാട്‌ മുന്‍സിഫ്‌ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ സുന്ദരയും അമ്മയും ബന്ധുക്കളും പൊലീസില്‍ നല്‍കിയ മൊഴി ആവര്‍ത്തിച്ചിരുന്നു. കേസില്‍ സാക്ഷി മൊഴികള്‍ക്ക്‌ പുറമേ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്‍റുമാരായ കെ. ബാലകൃഷ്‌ണ ഷെട്ടി, സുരേഷ്‌കുമാര്‍ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്‌, ബി.ജെ.പി നേതാക്കളായ സുരേഷ്‌ നായിക്‌, കെ. മണികണ്‌ഠ റൈ, മുളരീധര യാദവ്‌ എന്നിവരെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്‌തിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സുന്ദരയെ ഭീഷണിപ്പെടുത്തിയതിനും തടങ്കലില്‍ വെച്ചതിനും സുരേന്ദ്രനൊപ്പം ഇവരും പ്രതികളാകുമെന്നാണ്‌ സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!