ഭാര്യയെയും മകനെയും പൂട്ടിയിട്ട് ഗ്യാസ് സിലിന്‍ഡറുമായി ഭീഷണി; ഗൃഹനാഥനെ വരുതിയിലാക്കി അഗ്നിരക്ഷാസേന

മരട്: ഭാര്യയെയും മകനെയും മുറിയില്‍ പൂട്ടിയിട്ട് ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഗൃഹനാഥന്റെ ഭീഷണി. അഗ്നിരക്ഷാസേനയുടെയും മരട് പോലീസിന്റെയും സമയോജിത ഇടപെടല്‍ ദുരന്തം ഒഴിവാക്കി. മരട് മണ്ണാപറമ്പ് കുളത്തിങ്കല്‍ വീട്ടില്‍ സേവ്യറിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നസീറാണ് (45) ഭാര്യയെയും 10 വയസ്സുള്ള കുട്ടിയെയും മുറിയില്‍ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അപകടസാഹചര്യമുണ്ടായാല്‍ നേരിടാന്‍ അഗ്നിരക്ഷാസേന നിലയുറപ്പിച്ചു. ഇതിനിടെ പോലീസ് സുഹൃത്തുക്കളുമായി സംസാരിപ്പിച്ച് നസീറിന്റെ ശ്രദ്ധ മാറ്റിക്കൊണ്ടിരുന്നു. ഈ സമയം സേനയുടെ നിര്‍ദേശമനുസരിച്ച് നസീറിന്റെ ഭാര്യ പുറകിലെ വാതില്‍ തുറക്കുകയും ഉടന്‍ അഗ്നിരക്ഷാസേന അകത്തു കയറി ഗ്യാസ് സിലിന്‍ഡര്‍ പുറത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഭാര്യയെയും കുട്ടിയെയും നസീറിനെയും പുറത്തെത്തിച്ചു. മല്‍പ്പിടിത്തത്തിലൂടെയാണ് നസീറിനെ വരുതിയിലാക്കിയത്. മരട് പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു.

