KSDLIVENEWS

Real news for everyone

തൃശൂർ മിണാലൂരിൽ ചിക്കൻചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീരു കുറഞ്ഞെന്ന് ആരോപിച്ച് ആക്രമണം; ഹോട്ടൽ ഉടമയ്ക്ക് ഗുരുതര പരുക്ക്

SHARE THIS ON

മിണാലൂർ (തൃശൂർ): ഹോട്ടലിൽ ചിക്കൻചില്ലിയോടൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞെന്നു കുറ്റപ്പെടുത്തി ഹോട്ടൽ ഉടമയ്ക്കെതിരെ ഗുണ്ടാ ആക്രമണം. മിണാലൂർ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാർ റസ്റ്ററന്റ് ഉടമ സുഹൈബ് ആണ് (40) ആക്രമണത്തിന് ഇരയായത്. അക്രമികളുടെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ് സുഹൈബിന്റെ മുൻവശത്തെ രണ്ട് പല്ലുകൾ അടർന്നുപോയി. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റഷീദിനു (40) ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കാലിനും കൈക്കും പരുക്കേറ്റു. അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ 5 ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഇവർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

അക്രമികൾ എരുമപ്പെട്ടി ഭാഗത്തുള്ളവരാണെന്നാണ് സൂചന. വൈകിട്ട് 4ന് ഹോട്ടലിൽ എത്തിയ രണ്ട് യുവാക്കളാണ് ചിക്കൻചില്ലി ഓർഡർ ചെയ്തത്. ഇതു കഴിക്കുന്നതിനിടയിലാണ് വിഭവത്തിനൊപ്പം നൽകിയ നാരങ്ങയിൽ നീര് പോരെന്ന പരാതിയുമായി കൗണ്ടറിൽ എത്തുന്നത്. തർക്കം ആരംഭിച്ചതോടെ അടുക്കളയിൽ ജീവനക്കാർക്ക് നിർദേശം കൊടുത്തു കൊണ്ടിരുന്ന ഉടമ സുഹൈബിനെ തേടി യുവാക്കൾ എത്തുകയായിരുന്നു. തുടർന്നു തർക്കവും ഉന്തുംതള്ളുമായി. കൂടുതൽ സന്നാഹത്തോടെ കണക്കു തീർക്കാൻ വൈകാതെ മടങ്ങി എത്തുമെന്ന ഭീഷണി മുഴക്കിയാണ് യുവാക്കൾ ഹോട്ടലിൽ നിന്നിറങ്ങിയത്.

ഒരു മണിക്കൂറിനകം 7 യുവാക്കൾ ഹോട്ടലിലെത്തി. സംഘത്തിൽ നേരത്തേ എത്തിയ രണ്ടു പേർ ഉണ്ടായിരുന്നില്ല. സംഘം ഹോട്ടലിൽ എത്തിയ ഉടനെ സുഹൈബിനെ അന്വേഷിച്ചു. ബഹളം കേട്ട് വിവരം തിരക്കിയെത്തിയ സുഹൈബിനെ ഇവർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നു. സുഹൈബിന്റെ തല ലക്ഷ്യമാക്കിയുള്ള അടിയാണ് മുഖത്തും ചുണ്ടിലും പതിച്ചത്. അടി തടയാൻ ശ്രമിച്ചപ്പോഴാണ് റഷീദിന് കൈകാലുകൾക്കു പരുക്കേറ്റത്. പരാതിയെത്തുടർന്നു വടക്കാഞ്ചേരി പൊലീസ് ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു

error: Content is protected !!