അർജന്റീന-ഇംഗ്ലണ്ട് സെമി ഫൈനൽ: ഇന്നത്തെ കളി നിയന്ത്രിക്കുന്നത് മെസ്സിയുടെ ‘ഭാഗ്യ റഫറി’

അത്ലാന്റ: ഫിഫ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, കളിക്കളത്തിന് പുറത്ത് റഫറി നിയമനത്തെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുകയാണ്. അത്ലാന്റയിൽ നടക്കുന്ന ഈ ആവേശപ്പോരാട്ടം നിയന്ത്രിക്കാൻ മൊറോക്കൻ വംശജനായ അമേരിക്കൻ റഫറി ഇസ്മായിൽ ഇൽഫാത്തിനെയാണ് ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ഇൽഫാത്തിന്റെ സാന്നിധ്യം അർജന്റീനയ്ക്ക് എന്നും ഭാഗ്യം കൊണ്ടുവന്നിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ഫുട്ബോൾ ലോകം ഈ നിയമനത്തെ ‘മെസ്സിയുടെ സ്വന്തം റഫറി’ എന്ന രീതിയിൽ നോക്കിക്കാണുന്നത്.
ലയണൽ മെസ്സി കളിച്ചതും ഇൽഫാത്ത് നിയന്ത്രിച്ചതുമായ അഞ്ച് മത്സരങ്ങളിലും മെസ്സിയുടെ ടീം പരാജയമറിഞ്ഞിട്ടില്ല എന്ന അപൂർവ്വ റെക്കോർഡാണ് ഇതിന് പ്രധാന കാരണം. മെസ്സിയുടെ ക്യാപ്റ്റൻസിയിൽ അർജന്റീന കിരീടമുയർത്തിയ 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെയുള്ള മത്സരത്തിൽ ഫോർത്ത് ഒഫീഷ്യൽ ഇൽഫാത്ത് ആയിരുന്നു. കൂടാതെ, മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റർ മയാമി അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിയ 2023ലെ ലീഗ്സ് കപ്പ് ഫൈനലിൽ കളി നിയന്ത്രിച്ചതും ഇദ്ദേഹമായിരുന്നു. മേജർ ലീഗ് സോക്കറിൽ മെസ്സി കളിച്ച നാല് മത്സരങ്ങളിലും ഇൽഫാത്ത് തന്നെയായിരുന്നു റഫറി; ഈ മത്സരങ്ങളിലെല്ലാം മെസ്സിയുടെ ടീം വിജയിക്കുകയും ചെയ്തു.

