KSDLIVENEWS

Real news for everyone

സെഞ്ചുറിയുമായി മിച്ചല്‍; വില്യംസണെ പുറത്താക്കി ബ്രേക്ക് ത്രൂ നല്‍കി ഷമി

SHARE THIS ON

മുംബൈ: ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ന്യൂസീലന്‍ഡിന് നാല് വിക്കറ്റ് നഷ്ടം. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടോം ലാഥവുമാണ് അവസാനം പുറത്തായത്. ഒരു ഘട്ടത്തില്‍ 39 റണ്‍സിനിടെ ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവരെ നഷ്ടമായ ശേഷം മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ – ഡാരില്‍ മിച്ചല്‍ സഖ്യം കിവീസിന് പ്രതീക്ഷ നല്‍കിയിരുന്നു. 181 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യന്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ടിരുന്നു. എന്നാല്‍ ബുംറയുടെ പന്തില്‍ വില്യംസണെ കൈവിട്ട ഷമി 33-ാം ഓവറില്‍ അതേ വില്യംസണെ പുറത്താക്കി പ്രായശ്ചിത്തം ചെയ്തു. പിന്നാലെ അതേ ഓവറില്‍ ടോം ലാഥത്തെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു ഷമി. 33 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 221 റണ്‍സെന്ന നിലയിലാണ് കിവീസ്. സെഞ്ചുറി പിന്നിട്ട ഡീരില്‍ മിച്ചലിനൊപ്പം ഗ്ലെന്‍ ഫിലിപ്‌സാണ് ക്രീസില്‍. നേരത്തേ ഇന്ത്യ നിശ്ചിത 50-ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെടുത്തിരുന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏകദിനത്തില്‍ 50-ാം സെഞ്ചുറി, ഒരു ലോകകപ്പില്‍ കൂടുതല്‍ 50-ല്‍ അധികം റണ്‍സ് എന്നിങ്ങനെ റെക്കോഡുകള്‍ ഓരോന്നായി കോലി തിരുത്തിയെഴുതിയ മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ കിവീസിനു മുന്നില്‍വെച്ചത്. സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ കോലിയും ശ്രേയസ്സ് അയ്യരുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണ്‍. കിവീസ് ബൗളര്‍മാരെ ഒന്നടങ്കം പ്രഹരിച്ച ബാറ്റര്‍മാര്‍ വാംഖഡേയില്‍ മിന്നുംപ്രകടനമാണ് കാഴ്ചവെച്ചത്. സെമിയില്‍ ടോസിന്റെ ഭാഗ്യം തുണച്ചതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. കിവികള്‍ക്കെതിരായ സെമിയിലെ ചരിത്രത്തിലെക്കൊന്നും തിരിഞ്ഞുനോക്കാതെ രോഹിത്തും സംഘവും തുടങ്ങി. വെടിക്കെട്ടോടെ. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടു തന്നെ ഗില്ലും രോഹിത്തും ആദ്യ ഓവറുമുതല്‍ തന്നെ കിവീസ് ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയില്‍ കളംനിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ 50-കടന്നു. പിന്നാലെ ടീം സ്‌കോര്‍ 71-ല്‍ നില്‍ക്കേ രോഹിത്ത് പുറത്തായി. സൗത്തിയുടെ പന്തില്‍ രോഹിത്ത് വില്യംസന്റെ കൈകളില്‍ ഒതുങ്ങി. 29 പന്തില്‍ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 47 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. പിന്നാലെ ഇറങ്ങിയ കോലി പതിയെയാണ് തുടങ്ങിയത്. മറുവശത്ത് ഗില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി. പിന്നാലെ കിവീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചു. മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്താന്‍ തുടങ്ങി. പിന്നെ കോലി റെക്കോഡുകള്‍ ഓരോന്നായി വെട്ടിപ്പിടിക്കുന്നതിനാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് കോലി ആദ്യം എത്തിപ്പിടിച്ചത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെയാണ് മറികടന്നത്. പിന്നാലെ 22.4 ഓവറില്‍ ടീം 164-1 എന്ന നിലയില്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്തായി. താരം റിട്ടയേഡ് ഹര്‍ട്ടായി മടങ്ങിയതോടെ പകരം ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തി. പിന്നെ ഇരുവരും കിവീസിനെതിരായ പോരാട്ടത്തിന് ചുക്കാന്‍പിടിച്ചു. വൈകാതെ 50-തികച്ച കോലി വീണ്ടും ചരിത്രമെഴുതി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50-ലധികം റണ്‍സ് നേടുന്ന താരമായാണ് കോലി മാറിയത്. എട്ട് തവണ 50-ലധികം റണ്‍സ് നേടിയ കോലി സച്ചിന്‍(2003), ഷാക്കിബ്(2019) എന്നിവരുടെ നേട്ടമാണ് മറികടന്നത്. ശ്രേയസ്സ് അയ്യരും വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറയുന്നതാണ് പിന്നീട് വാംഖഡേയില്‍ കണ്ടത്. 80-റണ്‍സ് കണ്ടെത്തിയ കോലി മറ്റൊരു ചരിത്രവും കുറിച്ചു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായാണ് കോലി മാറിയത്. 673-റണ്‍സ് നേടിയ (2003) സച്ചിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്. മറുവശത്ത് അര്‍ധസെഞ്ചുറി തികച്ച ശ്രേയസ് അയ്യരും കോലിക്ക് മികച്ച പിന്തുണ നല്‍കി. പിന്നെ കോലിയുടെ 50-ാം സെഞ്ചുറിയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ഇമ ചിമ്മാതെ ലോകം ഒന്നടങ്കം ആ നിമിഷത്തിനായി കാത്തിരുന്നു. ഒടുക്കം അയാള്‍ ആ റെക്കോഡും സ്വന്തമാക്കി. ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. ഇരുവരും നോക്കൗട്ട് റൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നും പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 327 നില്‍ക്കേ കോലിയുടെ വിക്കറ്റ് നഷ്ടമായി. 113 പന്തില്‍ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 117 റണ്‍സെടുത്താണ് കോലി മടങ്ങിയത്. ചരിത്രം കുറിച്ച് കോലി മടങ്ങുമ്പോള്‍ ഗാലറികളില്‍ നിന്ന് കയ്യടികളുയര്‍ന്നു. 44-ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ശ്രേയസ്സും സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി. 70 പന്തില്‍ നിന്ന് നാല് ഫോറും എട്ട് സിക്സും പറത്തി 105 റണ്‍സാണ് ശ്രേയസ് നേടിയത്. പിന്നാലെ കെഎല്‍ രാഹുലും(39) തിരിച്ചുവന്ന ഗില്ലിന്റേയും പ്രകടനത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 397-ല്‍ അവസാനിച്ചു. ഗില്‍ 66 പന്തില്‍ നിന്ന് 80 റണ്‍സോടെ പുറത്താകാതെ നിന്നു. ഒരു റണ്‍ മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. കിവീസിനായി ടീം സൗത്തി 3 വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!