ഭീകരതയ്ക്കെതിരായ പ്രചാരണം: പ്രതിനിധി സംഘത്തെ തരൂർ നയിക്കും; നീക്കം കോൺഗ്രസ് താക്കീതിനു പിന്നാലെ

ന്യൂഡൽഹി: പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തിൽ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെയും ഉൾപ്പെടുത്തി കേന്ദ്രം. ഇന്ത്യയിലെ വിദേശകാര്യ പാർലമെന്ററി പാനലിന്റെ തലവൻ കൂടിയായ ശശി തരൂർ പ്രതിനിധി സംഘത്തെ നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പ്രതിനിധി സംഘത്തെ നയിക്കാൻ കേന്ദ്ര സർക്കാർ ശശി തരൂരിനെ സമീപിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
ഇന്ത്യ-പാകിസ്താൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതിന് കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് മോദി സർക്കാർ, തങ്ങളുടെ സർവകക്ഷി സംഘത്തെ നയിക്കാൻ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം, തന്നെ താക്കീത് ചെയ്തുവെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ പ്രവർത്തകസമിതിയംഗം കൂടിയായ തരൂർ നിഷേധിച്ചിരുന്നു.
ഭീകരതയെ പിന്തുണക്കുന്ന പാകിസ്താനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഈ നയതന്ത്ര നീക്കം. തരൂരിനെ കൂടാതെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് തുടങ്ങിയ എംപിമാരെയും സർക്കാർ സമീപിച്ചിട്ടുണ്ട്.
നയതന്ത്ര ദൗത്യത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള എംപിമാരെ സർക്കാർ സമീപിച്ചിട്ടുണ്ട്. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30-ലധികം എംപിമാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്, ടിഎംസി, ഡിഎംകെ, എൻസിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാർട്ടികളിൽ നിന്നുള്ള എംപിമാർ പ്രതിനിധി സംഘത്തിൽ ഉണ്ടാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

