KSDLIVENEWS

Real news for everyone

നാടുവിടാന്‍ പാച്ചില്‍, റണ്‍വേ നിറഞ്ഞ് ജനക്കൂട്ടം, ആകാശത്തേക്ക് വെടി, ആശങ്കയുടെ കാബൂള്‍

SHARE THIS ON

കാബൂൾ: അഫ്ഗാനിസ്താനിൽ യുദ്ധം അവസാനിച്ചുവെന്നും അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാൻ പ്രഖ്യാപിക്കുമ്പോഴും കാബൂൾ വിമാനത്താവളത്തിൽ കൂട്ടപ്പലായനമാണ് നടക്കുന്നത്. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങൾ. വിമാനത്തിൽ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.






അഷ്റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാൻ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ വിമാനത്താവള ടെർമിനലിലേക്ക് ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തിൽ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൈക്കുഞ്ഞുങ്ങൾ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. ‘അഫ്ഗാനിസ്താനിലെ ജനങ്ങളുടെ അവസ്ഥ നോക്കൂ’ എന്ന് ഒരു സ്ത്രീ വിലപിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.




ഇതിനിടയിൽ കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിൽനിന്ന് പ്രാദേശിക പത്രപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിൽ ചിലതിൽ വെടിയൊച്ചകളും കേൾക്കാം. എന്നാൽ കാബൂൾ വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അമേരിക്കൻ സേന ആകാശത്തേക്ക് വെടിയുതിർത്തതാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.




വിമാനത്തിൽ പരിധിയിൽകവിഞ്ഞ് ആളുകൾ കയറിയതിനാൽ പറന്നുയരാൻ സാധിച്ചില്ലെന്നും ചില ആളുകളെ വിമാനങ്ങളിൽ നിന്ന് ഇറക്കി വിടേണ്ടി വന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ. വിമാനത്തിൽ കയറിപ്പറ്റാനായി തിരക്കു കൂട്ടുന്ന ആയിരക്കണക്കിന് ജനങ്ങൾ അഫ്ഗാനിസ്താന്റെ ദുരന്തത്തിന്റെ നേർചിത്രമാകുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!