വിവാദങ്ങൾ മറികടന്ന് ഇടതുപക്ഷത്തിന്‍റെ കുതിപ്പ് ; യുഡിഎഫിന് സ്വപ്നഭംഗം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആറാം മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫിന്റെ കനത്ത മുന്നേറ്റം. സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ മുന്നേറ്റം എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനുകളിലും എൽഡിഎഫ് വ്യക്തമായ ആധിപത്യം പുലർത്തുകയാണ്. മുനിസിപ്പാലിറ്റികളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്.
941 ഗ്രാമപഞ്ചായത്തുകളിൽ 518 എണ്ണത്തിലും എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നു. യുഡിഎഫിന് 366, എൻഡിഎ, 24, മറ്റുള്ളവർ 32 എന്നിങ്ങനെയാണ് മറ്റു കക്ഷികൾ. ബ്ലോക്ക് പഞ്ചായത്തിൽ 152 ൽ എൽഡിഎഫ് 108 ഇടത്തും യുഡിഎഫ് 44 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളിൽ 10 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ നാലിടത്ത് മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാനാവുന്നത്.
മുനിസിപ്പാലിറ്റികളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ആകെയുള്ള 86 എണ്ണത്തിൽ 45 ഇടത്ത് യുഡിഎഫ് മുന്നിട്ടുനിൽക്കുന്നു. 35 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു.
പാലക്കാട് ചിറ്റൂരിൽ എൽ.ഡി.എഫ്. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നു. തിരുവനന്തപുരം (43), കൊല്ലം (38), കോഴിക്കോട് (47) എന്നിവിടങ്ങളിലാണ് എൽഡിഎഫ് ലീഡി ചെയ്യുന്നത്. കൊച്ചി (31), കണ്ണൂർ (27),തൃശ്ശൂർ (23) എന്നിവിടങ്ങളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. കൊച്ചി, തൃശ്ശൂർ കോർപറേഷനുകളിൽ ഫലം മാറിമറിയാവുന്ന സാഹചര്യമാണുള്ളത്.
തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് ചിത്രത്തിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. കഴിഞ്ഞ തവണ 42 സീറ്റുകളിൽ വിജയിച്ച സിപിഎമ്മിന് നിലവിൽ 45 സീറ്റുകളിൽ ലീഡ് ചെയ്യാനാവുന്നുണ്ട്. നേരത്തെ 20 സീറ്റ് നേടിയ കോൺഗ്രസിന് ഇപ്പോൾ ഒമ്പത് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാനാവുന്നത്. 27 സീറ്റുകളിലാണ് എൻഡിഎ ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 35 സീറ്റുകൾ എൻഡിഎ നേടിയിരുന്നു.
ബിജെപിക്ക് താരതമ്യേന മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്ന തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തവണത്തെ സ്ഥിതി തന്നെ ഉറപ്പിക്കാനാവാത്ത സാഹചര്യമാമ്. പാലക്കാട് മുനിസിപ്പാലിറ്റി നിലനിർത്താനായി. സീറ്റുകൾ വർധിപ്പിച്ചിട്ടുമുണ്ട്. തൃശ്ശൂർ കോർപറേഷനിലേക്ക് മത്സരിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പരാജയം ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്മകൾ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത. കിഴക്കമ്പലത്തിനു പുറമേ പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും അവർക്ക് സാധിച്ചിട്ടുണ്ട്.
കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ജോസ് കെ മാണിയുടെ മുന്നണി മാറ്റ പരീക്ഷണം വിജയകരമാണെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. പാലാ നഗരസഭയിൽ ജോസ് കെ മാണി വിഭാഗത്തിന്റെ അഞ്ച് സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.

