KSDLIVENEWS

Real news for everyone

ജനങ്ങളെ ചെറുതായി കാണരുത് , ഒരു ഘട്ടത്തിലും അവരെ കൈയൊഴിഞ്ഞില്ല , അടുത്ത ഒരു 100 ദിന പരിപാടി കൂടി പ്രഖ്യാപിക്കുന്നുണ്ട് ‘ ; ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന പരിപാടിക്ക് പുറമെ അടുത്ത ഒരു നൂറുദിന പരിപാടി ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ അടുത്ത നൂറുദിന പരിപാടി പ്രഖ്യാപിക്കുന്നില്ലെന്നും പെരുമാറ്റ ചട്ടത്തിന്റെ ഘട്ടം കഴിയുന്ന ദിവസം അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് ദിന പരിപാടി പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഒരിക്കലും ചെറുതായി കാണാന്‍ പാടില്ലെന്നും ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൈയൊഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ നൂറുദിന പരിപാടിയുടെ അതെ രീതിയില്‍ തന്നെയുള്ള, കേരളത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുകൊണ്ടുള്ള കാര്യങ്ങളാകും അടുത്ത നൂറുദിന പരിപാടിയില്‍ ഉണ്ടാകുക എന്നത് മാത്രമേ ഇപ്പോള്‍ സൂചിപ്പിക്കുന്നുള്ളൂ. ജനങ്ങള്‍ ഏല്‍പ്പിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ തീര്‍ക്കാന്‍ തീവ്ര ശ്രമമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നു എന്നത് നാം കാണേണ്ട വസ്തുതയാണ്. കോണ്‍ഗ്രസിന് ഈ നിലപാട് കൊണ്ട് എന്ത് നേട്ടമാണുള്ളത്. മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്‌എസ് ബിജെപി ശ്രമമുണ്ടാകുന്നു. എല്‍ഡിഎഫിനെ നശിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു. അറിഞ്ഞുകൊണ്ട് പച്ചക്കള്ളം എല്‍ഡിഎഫിനു മേല്‍ ചുമത്തിയെന്നും എന്നാല്‍ ജനവിധിയില്‍ എല്ലാം പ്രതിഫലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് എല്ലാവരും ശ്രമിച്ചത്. എല്‍ഡിഎഫ് ഇല്ലാതായി പോകില്ലെന്ന് താന്‍ അന്നേ പറഞ്ഞിരുന്നു. ലൈഫ് മിഷന്‍പിരിച്ചുവിടണമെന്ന യു.ഡി.എഫ് കണ്വീനറുടെ പ്രഖ്യാപനം ജനങ്ങളോടും പാവങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ആഹ്ലാദ പ്രകടനം നടത്തുന്നവര്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!