പണിമുടക്ക് സൂചന നല്‍കി യൂണിയനുകള്‍, അനുനയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രമുഖ യൂണിയനുകള്‍ പണിമുടക്കിലേക്കെന്ന് സൂചന നല്‍കിയതോടെ കെഎസ്‌ആര്‍ടിസിയില്‍ (KSRTC) അനുനയ നീക്കവുമായി സര്‍ക്കാര്‍. മെയ് മാസത്തിലെ ശമ്ബള വിതരണം ഇന്ന് തന്നെ തുടങ്ങാന്‍ മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കി. ഈ മാസം 27 ന് ഗതാഗതമന്ത്രി തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ച മുതല്‍ സമരം കടുപ്പിക്കാനാണ് യൂണിയനുകളുടെ തീരുമാനം. ശമ്ബള പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടി കെഎസ്‌ആര്‍ടിസിയിലെ യൂണിയനുകളെല്ലാം അനിശ്ചിത സമരത്തിലാണ്.
അടുത്തവാരം മുതല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടനകള്‍ യോജിച്ചുള്ള സമരത്തിന് വഴി തേടുന്നതിനിടെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ഇന്ന് തന്നെ ശമ്ബള വിതരണത്തിനുള്ള നടപടികള്‍ മാനേജ്മെന്റ് തുടങ്ങി. മെയ് മാസത്തെ ശമ്ബളം ഘട്ടം ഘട്ടമായാണ് നല്‍കുന്നത്. ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ മാര്‍ക്കും ശ്നപളം ലഭിക്കും. നാളെ വൈകുന്നേരത്തോടെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ പണമെത്തിത്തുടങ്ങും. സര്‍ക്കാരില്‍ നിന്ന് 35 കോടി രൂപ അധിക ധനസഹായം ലഭിച്ചാലേ മറ്റുള്ളവര്‍ക്ക് ശമ്ബളം നല്‍കാനാകൂ. എന്നാല്‍ എല്ലാ മാസവും സമരം ചെയ്ത് ശമ്ബളം വാങ്ങാനാവില്ലെന്ന നലപാടാണ് പ്രമുഖ സംഘടനകള്‍ക്കുള്ളത്.
കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശമ്ബളം ഇന്നുമുതല്‍, പ്രശ്നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിക്കും: ഗതാഗത മന്ത്രി
അതേ സമയം, തിങ്കളാഴ്ച ചീഫ് ഓഫീസ് വളയുന്നതടക്കമുള്ള കടുത്ത സമരത്തിലേക്ക് പോകുമെങ്കിലും പണി മുടക്കിനില്ലെന്നാണ് സിഐടിയു അറിയിക്കുന്നത്. പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകുമെന്ന് നേരിയ പ്രതീക്ഷകള്‍ വരുന്നതിനിടെ പണിമുടക്ക് നടന്നാല്‍ കെഎസ്‌ആര്‍ടിസിക്ക് വലിയ വില നല്‍കേണ്ടിവരും. അതുകൊണ്ട് വരും ദിനങ്ങളില്‍ സര്‍ക്കാരും ജീവനക്കാരും കൈക്കൊള്ളുന്ന നിലപാടുകള്‍ ഈ സ്ഥാപനത്തിന്റെ ഭാവിയെ കുറിച്ച് വ്യക്തമായ സൂചന നല്‍കും.

