കടമെടുപ്പ് പരിധി: കണക്ക് തിരുത്തണമെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതു സംബന്ധിച്ച കണക്കുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കേരളം കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി ഇക്കാര്യത്തെക്കുറിച്ച് ചർച്ചനടത്തുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ ‘മാതൃഭൂമി’യോട് പറഞ്ഞു. കേരളത്തിന് ഇത്തവണ 20, 521 കോടി രൂപ മാത്രമേ പൊതുവിപണിയിൽനിന്ന് കടമെടുക്കാനാവൂയെന്ന് കഴിഞ്ഞദിവസം കേന്ദ്രം അറിയിച്ചിരുന്നു. 28,550 കോടി രൂപയാണ് കേരളം പ്രതീക്ഷിച്ചത്. പകരം പണം കണ്ടെത്തണമെങ്കിൽ സംസ്ഥാനത്തിന് അകത്തുനിന്നുള്ള വരുമാനം വൻതോതിൽ വർധിക്കണം. ഇതിനു പരിമിതിയുള്ളതിനാൽ എല്ലാമേഖലയിലും ചെലവ് ചുരുക്കേണ്ടിവരും. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ, ശമ്പള, പെൻഷൻ പരിഷ്കരണ കുടിശ്ശികയായ 20,000 കോടി രൂപ ഉൾപ്പെടെ ഈ സാമ്പത്തികവർഷവും പല ആനുകൂല്യങ്ങളും മുടങ്ങും. പബ്ലിക് അക്കൗണ്ടിലെ തുക കണക്കാക്കി വായ്പപ്പരിധിയിൽ 13,177.61 കോടി രൂപ കുറച്ചതിലാണ് കേരളത്തിന്റെ പ്രധാന വിയോജിപ്പ്. ട്രഷറി നിക്ഷേപങ്ങളും പ്രോവിഡന്റ് ഫണ്ടും ഉൾപ്പെടുന്ന പബ്ലിക് അക്കൗണ്ടിൽ കഴിഞ്ഞവർഷത്തെ വർധന 6500 കോടി രൂപ എന്നാണ് അക്കൗണ്ടന്റ് ജനറൽ അംഗീകരിച്ച കണക്ക്. എന്നാൽ, പബ്ലിക് അക്കൗണ്ടിലെ യഥാർഥ കണക്കിനുപകരം മൂന്നുവർഷത്തെ ശരാശരി കണക്കാക്കിയാണ് കേന്ദ്രം കുറച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് കേരളത്തിന്റെ വാദം. എ.ജി സാക്ഷ്യപ്പെടുത്തിയ കണക്ക് കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. എ.ജി.യുടെ കണക്ക് അംഗീകരിച്ചാൽ ഏകദേശം 7000 കോടി രൂപകൂടി കേരളത്തിന് അധികമായി വായ്പയെടുക്കാം. കെ.കെ. വേണുഗോപാലിന്റെ നിയമോപദേശം തേടുന്നു വായ്പ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം നിയമോപദേശം തേടുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശം തേടാൻ അഡ്വക്കേറ്റ് ജനറലിനെ സർക്കാർ ചുമതലപ്പെടുത്തി. കേന്ദ്ര ധനകാര്യ കമ്മിഷന്റെ തീർപ്പനുസരിച്ച് കേരളത്തിന് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനം കടമെടുക്കാം. എന്നാൽ, കേന്ദ്രത്തിന്റെ വിവിധ വെട്ടിക്കുറയ്ക്കലുകൾക്കുശേഷം ഫലത്തിൽ എടുക്കാവുന്ന കടം രണ്ടുശതമാനം മാത്രമാണ്. ഇതിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്നതിനുള്ള സാധ്യതയാണ് തേടുന്നത്. കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുക്കുന്ന വായ്പ ബജറ്റിനുപുറത്തുള്ള വായ്പയാണെന്ന് വ്യാഖ്യാനിച്ച് കേന്ദ്രം കേരളത്തിന്റെ വായ്പപ്പരിധി കുറയ്ക്കുന്നു. എന്നാൽ, കേന്ദ്രത്തിലെ പൊതുമേഖലാസ്ഥാപനങ്ങളും ഏജൻസികളും ഇത്തരത്തിൽ എടുക്കുന്ന വായ്പ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നില്ല. ഇത് ഇരട്ടത്താപ്പാണെന്നും കേരളം വാദിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണഘടനാവിദഗ്ധനായ ഫാലി എസ്. നരിമാനിൽനിന്ന് നിയമോപദേശം നേടിയിരുന്നു. നിയമപരമായി നേരിടാമെന്നായിരുന്നു ഉപദേശമെങ്കിലും സർക്കാർ മുന്നോട്ടുപോയില്ല.

