തമിഴ്നാട് ബി.ജെ.പി സെക്രട്ടറി എസ്.ജി സൂര്യ അറസ്റ്റില്‍

മധുര: തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയെ മധുര ജില്ലാ സൈബര്‍ ക്രൈം പൊലീസ് വെള്ളിയാഴ്ച രാത്രി ചെന്നൈയില്‍ വെച്ച് അറസ്റ്റ് ചെയ്തു.മധുര എം.പി സു വെങ്കിടേശനെതിരായ ട്വീറ്റിന്‍റെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി വി. സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സൂര്യയുടെ അറസ്റ്റ്. മലം നിറഞ്ഞ ഓട വൃത്തിയാക്കാന്‍ ഒരു ശുചിത്വതൊഴിലാളിയെ ഇടത് കൗണ്‍സിലറായ വിശ്വനാഥന്‍ നിര്‍ബന്ധിച്ചെന്നും അലര്‍ജിയെ തുടര്‍ന്ന് തൊഴിലാളി മരിച്ചെന്നും സൂര്യ ആരോപിച്ചിരുന്നു. “നിങ്ങളുടെ വിഘടനവാദത്തിന്‍റെ കപട രാഷ്ട്രീയം അഴുക്കുചാലിനെക്കാള്‍ മോശമാണ്, മനുഷ്യനായി ജീവിക്കാൻ ഒരു വഴി കണ്ടെത്തൂ, സുഹൃത്തേ!” എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. സംഭവത്തെ സൂര്യ ശക്തമായി അപലപിക്കുകയും എം.പി സു വെങ്കിടേശന് കത്തയക്കുകയും ചെയ്തിരുന്നു. ഇതാണ് അറസ്റ്റിനു കാരണമായതെന്നാണ് സൂര്യയുടെ അനുയായികള്‍ ആരോപിക്കുന്നത്. മധുര എം.പിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം സൂര്യ നടത്തിയെന്ന് കാണിച്ച് ജൂണ്‍ 12ന് സി.പി.എം അര്‍ബൻ ജില്ലാ സെക്രട്ടറി എം. ഗണേശനും പാര്‍ട്ടി പ്രവര്‍ത്തകരും കമ്മീഷണര്‍ നരേന്ദ്രൻ നായര്‍ക്ക് പരാതി നല്‍കിയിരുന്നു. മധുര കോര്‍പ്പറേഷനില്‍ പെണ്ണാടം ടൗണ്‍ പഞ്ചായത്തും ഇടതു പാര്‍ട്ടിയില്‍ നിന്നും വിശ്വനാഥൻ എന്ന കൗണ്‍സിലര്‍ ഇല്ലെന്നും അദ്ദേഹം വാദിച്ചു.നടക്കാത്ത ഒരു സംഭവത്തിന്‍റെ പേരില്‍ കൗണ്‍സിലര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ സൂര്യ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഗണേശന്‍ ആരോപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിനെതിരെ രംഗത്തുവന്നു. വിമര്‍ശനങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം വിയോജിപ്പുള്ള ശബ്ദങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ട് ഡി.എം.കെ സര്‍ക്കാര്‍ സ്വേച്ഛാധിപത്യ നടപടികളിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള അറസ്റ്റുകള്‍ സ്വേച്ഛാധിപത്യ പ്രവണതയെ സൂചിപ്പിക്കുന്നുവെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.ഇത്തരം അടിച്ചമര്‍ത്തലുകള്‍ ബിജെപിയെ തളര്‍ത്തില്ലെന്നും ജനങ്ങള്‍ക്കു വേണ്ടി ധീരമായി വാദിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

