തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നത് പോലെയാണ് സ്ഥിതി, രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണം: കെ. സുധാകരന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നത് പോലെ പരസ്പരം അധിക്ഷേപിക്കുകയാണെന്നും വിഷയത്തില്‍ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്യപ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ ഇടപെടല്‍.
നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്‌പോരെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഗവര്‍ണറെ പോലെയുള്ള ഉന്നതസ്ഥാനീയനെ ആക്ഷേപിക്കുന്നത് അപമാനകരമാണെന്നും എന്നാല്‍ അദ്ദേഹം ഇടതുപക്ഷത്തിന് മുമ്ബ് വഴങ്ങി കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. തനിക്ക് ഭീഷണി ഉണ്ടെന്ന ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.
ഇപ്പോഴുള്ള ഗവര്‍ണര്‍- മുഖ്യമന്ത്രി പോര് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണെന്നും സാമാന്യ മര്യാദ ലംഘിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വിഷയം നോക്കി നില്‍ക്കാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. യൂണിവേഴ്സിറ്റിയില്‍ നടന്നതില്‍ പിന്‍വാതില്‍ നിയമനങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കേന്ദ്രം ഇടപെടണമെന്നും സുധാകരന്‍ പറഞ്ഞു.

