ബേബി പ്രസിഡന്റിൽനിന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷപദത്തിലേക്ക്

കാസർഗോഡ് : സ്കൂൾവിദ്യാഭ്യാസകാലം മുതൽ തുടങ്ങിയ പൊതുപ്രവർത്തനത്തിന്റെ കരുത്തുമായാണ് ബേബി ബാലകൃഷ്ണൻ മടിക്കൈയിൽനിന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷപദത്തിലേക്ക് നടന്നുകയറുന്നത്.
1995-ൽ മടിക്കൈ ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷയായി അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു ബേബി. ആദ്യ തവണ സ്ത്രീസംവരണ അധ്യക്ഷക്കസേരയിൽ ഇരുന്ന ബേബി തൊട്ടടുത്ത പ്രാവശ്യം ജനറലായിട്ടും പ്രസിഡന്റായി തുടർന്ന് ഭരണമികവിന്റെ കൊടി ഉയർത്തിക്കെട്ടി. മടിക്കൈയിൽനിന്ന് 2005-ൽ പാർട്ടി ബേബിയെ നിയോഗിച്ചത് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു. 2004-ൽ മികച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരവും ഇവരെ തേടിയെത്തി. രാഷ്ട്രീയപ്രവർത്തനത്തിനിടയിലും പഠനം ഉപേക്ഷിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ബിരുദാനന്തരബിരുദ പഠനവും ബി.എഡും പൂർത്തിയാക്കിയത്. കുടുംബശ്രീ ഗവേണിങ് ബോഡിയംഗം, സി.പി.സി.ആർ.ഐ. ഉപദേശകസമിതിയംഗം, കില ഫാക്കൽറ്റി അംഗം തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാർഥിയായും അധ്യാപികയായും തിളങ്ങി : പാർട്ടിയിലും പൊതുരംഗത്തും സജീവമായി തുടർന്ന അവർ അധ്യാപികയുമായി. സോഷ്യോളജി, ഹിന്ദി വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയ ബേബി നാച്വറൽ സയൻസിൽ ബി.എഡും പൂർത്തിയാക്കിയിട്ടുണ്ട്.
കയ്യൂർ, പെരിയ, ബങ്കളം സ്കൂളുകളിൽ അതിഥി അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽനിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടാനുള്ള ശ്രമം പാതിവഴിയിലാണ്. കാസർകോട് ഗവ. കോളേജിൽ ബോട്ടണി ബിരുദത്തിന് ഒരുവർഷം പഠിച്ച അവർ രണ്ടാംവർഷം സുവോളജി പഠിക്കാൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ചേർന്നു. അപ്പോഴെല്ലാം എസ്.എഫ്.ഐ.യിൽ സജീവമായിരുന്നു. പാചകം ഏറെ ഇഷ്ടപ്പെടുന്ന ബേബി ബാലകൃഷ്ണൻ മടിക്കൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്.
ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗത്വം രാജിവെച്ചാണ് ഇക്കുറി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ അവർ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും. നീലേശ്വരം നഗരസഭാ മുൻ യു.ഡി. ക്ലാർക്ക് ബി. ബാലകൃഷ്ണനാണ് ഭർത്താവ്. കിരൺ ബാലകൃഷ്ണൻ ഏകമകനാണ്.

