വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല ‘ ; നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം എല്ലായ്പ്പോഴും ബലാത്സംഗമായി കണക്കാക്കാന്‍ ആകില്ലെന്ന് കോടതി. ഉഭയസമ്മതത്തോടെ ദീര്‍ഘകാലം ബന്ധം തുടരുകയാണെങ്കില്‍ അത് ബലാത്സംഗം ആയി കണക്കാക്കാനാകില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.
- ഡല്‍ഹി സ്വദേശിനിയായ ഒരു യുവതി നല്കിയ പരാതി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇത്തരമൊരു നിരീക്ഷണം. വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം ശാരീരിക ബന്ധം പുലര്‍ത്തിയ ശേഷം ഇവരെ ഉപേക്ഷിച്ച് പോയ ആള്‍ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗക്കുറ്റം ആയിരുന്നു യുവതി ആരോപിച്ചത്. എന്നാല്‍ ഈ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം.
‘ദീര്‍ഘകാലം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രേരണയായി വിവാഹ വാഗ്ദാനത്തെ കണക്കാക്കാനാകില്ല’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് വിഭു ബഖ്റു പറഞ്ഞത്.ചില സാഹചര്യങ്ങളില്‍ വിവാഹവാഗ്ദാനം ഒരാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചേക്കാം. താത്പര്യമില്ലെങ്കില്‍ പോലും ആ വാഗ്ദാനത്തിന്റെ ഉറപ്പില്‍ ചിലപ്പോള്‍ സമ്മതിച്ചെന്നു വരാം’ എന്നാണ് വിശദീകരിച്ച് കോടതിയുടെ വാക്കുകള്‍.
വ്യാജ വിവാഹവാഗ്ദാനം നല്കി ആളുകളെ വശത്താക്കാനുള്ള ഇത്തരം സംഭവങ്ങള്‍ ലൈംഗിക ചൂഷണം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഇത്തരം സംഭവങ്ങള്‍ ബലാത്സംഗമായി കണക്കാക്കാക്കാം. പക്ഷെ ബന്ധം ദീര്‍ഘനാളുകളോളം തുടര്‍ന്നാല്‍ അത് സ്വന്തം ഇഷ്ടപ്രകാരമോ സ്നേഹത്തോടെയോ അല്ല മറിച്ച് വിവാഹവാഗ്ദാനത്തിന്റെ പ്രേരണ കൊണ്ടു മാത്രമാണ് എന്ന് കരുതാനാവില്ലെന്നുമാണ് നിരീക്ഷണം.
കോടതി പരിഗണിച്ച പരാതിയില്‍ സ്ത്രീ സ്വന്തം ഇഷ്ടപ്രകാരവും സ്നേഹം കൊണ്ടുമാണ് കുറ്റാരോപിതനുമായ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്കിയ ആളുമായി യുവതിക്ക് മാസങ്ങളോളം ബന്ധമുണ്ടായിരുന്നു തുടര്‍ന്ന് ഇരുവരും ഒളിച്ചോടിപ്പോവുകയും ചെയ്തിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.’ ഈ വാക്കുകള്‍ അനുസരിച്ചാണെങ്കില്‍ കുറ്റാരോപിതനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അവരുടെ സമ്മതമാണ് വിശദീകരിക്കപ്പെടുന്നത്. വിവാഹവാഗ്ദാനം ഈ സമ്മതത്തിന് കൂടുതല്‍ സുരക്ഷിത ബോധം നല്കി’ എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം പിന്നീട് പിരിഞ്ഞ് കഴിയുമ്ബോള്‍ ബലാത്സംഗപ്പരാതി ഉന്നയിക്കുന്ന പ്രവണത കൂടി വരുന്നുണ്ടെന്നും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും കോടതി പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

