പാർട്ടിയില്‍നിന്ന് പുറത്താക്കാന്‍ സുധാകരന് അജണ്ട, യോഗത്തിലേക്ക് വിളിക്കാത്തത് മനഃപൂര്‍വം- കെവി തോമസ്

കൊച്ചി: കെ. സുധാകരന് അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. ഹൈക്കമാന്‍ഡുമായി സംസാരിച്ച ശേഷം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായിരുന്നു. എന്നിട്ടും സുധാകരന് മാധ്യമങ്ങളോട് താന്‍ പുറത്തെന്ന് പറഞ്ഞുനടന്നുവെന്നും തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തനിക്കെതിരെ ഒരു അച്ചടക്ക നടപടിയും ആരംഭിച്ചിട്ടില്ല. കാരണംകാണിക്കല്‍ നോട്ടീസ് മാത്രമേ തന്നിട്ടുള്ളൂ. ഇന്നലെ രാത്രി താന്‍ അതിന് ഇ-മെയില്‍ മറുപടി നല്കി. ഇന്ന് പോസ്റ്റല്‍ ആയി അയച്ചു. എന്നിട്ടും കോണ്‍ഗ്രസ് യോഗത്തിലേക്ക് എന്തുകൊണ്ടാണ് തന്നെ ക്ഷണിക്കാത്തത്? ഇതേ സമീപനമാണ് സുധാകരന് എടുത്തത്. താരിഖ് അന്‍വറുമായും കെ.സി.വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂര്‍ സെമിനാറില്‍ പോകുന്നില്ലെന്ന് അറിയിച്ചതാണ്. പിറ്റേ ദിവസം മുതല്‍ സുധാകരന് തുടങ്ങി. എന്നെ പുറത്താക്കണമെന്ന ഒരു അജണ്ട ഇവിടെയുള്ളവര്‍ക്കുണ്ട്. അതിപ്പോള്‍ തുടങ്ങിയതല്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളതെന്നും കെ.വി.തോമസ് ചോദിച്ചു.
‘എന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പുറത്താക്കാന്‍ നോക്കുന്നു. എന്നെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് എല്ലാ നേതാക്കള്‍ക്കും അറിയാം. അവര്‍ ചോദിക്കേണ്ടേ സുധാകരനോട് ഇക്കാര്യം? അതുണ്ടായില്ല. ഇത് ശരിയായ സമീപനമല്ല.

