അഗ്നിപഥ’മായി ഉത്തരേന്ത്യയുടെ തെരുവുകള്‍: കേന്ദ്രം വിയർക്കുന്നു, ബി.ജെ.പി.ക്കും തലവേദന

ന്യൂഡല്‍ഹി : കർഷകപ്രക്ഷോഭത്തിനു പിന്നാലെ ഹ്രസ്വകാല സൈനികനിയമന പദ്ധതിയായ ‘അഗ്നിപഥി’നെതിരേ യുവാക്കളുടെ പ്രതിഷേധം രാജ്യവ്യാപകമാകുന്നത് കേന്ദ്ര സർക്കാരിനും ബി.ജെ.പി.ക്കും കടുത്ത തലവേദനയായി.
യുവാക്കൾക്ക് മുൻഗണന നൽകുന്ന സർക്കാരെന്ന അവകാശവാദം തിരഞ്ഞെടുപ്പുകളിൽ പ്രചാരണവിഷയമാക്കുന്ന ബി.ജെ.പി.ക്ക് അക്രമത്തിലേക്ക് വഴുതുന്ന സമരത്തെ അടിച്ചമർത്തുക എളുപ്പമല്ല. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പുകൾക്ക് മാസങ്ങൾമാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ വിഷയം കൈവിട്ടു പോകാതിരിക്കാൻ ജാഗ്രതയോടെയാണ് നീക്കം.
പദ്ധതിയെക്കുറിച്ച് ബി.ജെ.പി.ക്കുള്ളിലും എൻ.ഡി.എ.ക്കുള്ളിലും അസ്വസ്ഥത പുകയുന്നുമുണ്ട്. ‘അഗ്നിപഥ്’ അടിയന്തരമായി പിൻവലിക്കണമെന്ന് ഘടകകക്ഷിയായ ജെ.ഡി-യു. ആവശ്യപ്പെട്ടത് ക്ഷീണമായി. പ്രക്ഷോഭം ഏറ്റവും രൂക്ഷമായിരിക്കുന്നത് ജെ.ഡി.യു.വിന്റെ തട്ടകമായ ബിഹാറിലാണ്. പഞ്ചാബിൽ ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും എതിർപ്പിലാണ്.

