യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം, ഭക്ഷണവും താമസവും ധൂര്‍ത്താണെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല- സതീശന്‍

തിരുവനന്തപുരം: ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെതിരേ വ്യവസായി എംഎ യൂസഫലി നേടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നത് ധൂര്‍ത്താണെന്ന് യുഡിഎഫ് നേതാക്കളാരും എവിടെയും പറഞ്ഞിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. ധൂര്‍ത്തെന്ന് പറഞ്ഞ് അനാവശ്യ കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കരുതെന്നും ഭക്ഷണവും താമസവും നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നുമായിരുന്നു യൂസഫലിയുടെ വിമര്‍ശനം.null
ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ ഇന്റീരിയര്‍ നവീകരിക്കാന്‍ 16 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുത്തത് ധൂര്‍ത്താണെന്നും അതില്‍ അഴിമതിയുണ്ടെന്നുമാണ് യുഡിഎഫ് പറഞ്ഞത്. ഇതിനായി ഒരു യുക്തിയുമില്ലാത്ത ചെലവാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഇക്കാര്യം മാത്രമാണ് ലോക കേരളസഭയുമായി ബന്ധപ്പെട്ട ധൂര്‍ത്തെന്ന് പ്രതിപക്ഷം പറഞ്ഞതെന്നും യൂസഫലിക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അപകടനിലയിലാണെന്നും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും സതീശന്‍ പറഞ്ഞു. ശ്രീലങ്കയിലേതിന് സമാനമായ സാമ്പത്തിക പ്രശ്‌നത്തിലേക്ക് കേരളം കൂപ്പുകുത്തുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഗൗരവതരമായ ഉത്കണ്ഠ പ്രകടിപ്പിച്ചുണ്ട്. അതിനാല്‍ അടിയന്തരമായി സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സൈന്യത്തില്‍ കോര്‍പ്പറേറ്റ് ശൈലി കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അപകടകരമാണെന്നും സതീശന്‍ പറഞ്ഞു.

