പുതിയ തുടക്കത്തിന് എല്ലാ വിധ ആശംസകളും; ന്യൂസിലാൻഡ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കെ.കെ ശൈലജ ടീച്ചറും

തിരുവനന്തപുരം: ന്യൂസീലൻഡ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജസീന്താ ആർഡേനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ട്വീറ്ററിലൂടെയായിരുന്നു ആരോഗ്യമന്ത്രിയുടെ അഭിനന്ദനം.നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ. പുതിയ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു. കോവിഡിനെ നിങ്ങൾ ഫലപ്രദമായി നേരിട്ടതിൽ സന്തോഷമുണ്ട്. വനിതാ നേതാക്കൾ എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുത്തതിന് നന്ദി. ജസീന്തയെ ടാഗ് ചെയ്തുകൊണ്ട് കെ.കെ ശൈലജ കുറിച്ചു.വംശീയതയ്ക്കെതിരേ ശബ്ദമുയർത്തിയും കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയും ആണ് ജസീന്ത ലോകശ്രദ്ധ പിടിച്ചുപറ്റിയത്. മൂന്നിൽ രണ്ടുഭാഗം വോട്ടെണ്ണിക്കഴിയുമ്പോൾ 49.2 ശതമാനം വോട്ടുകളോടെ ആകെയുള്ള 120 സീറ്റുകളിൽ 64-ഉം ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സ്വന്തമാക്കി. 1996-നുശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുന്നത്. ഇതുവരെ കൂട്ടുകക്ഷിമുന്നണികളാണ് രാജ്യം ഭരിച്ചിരുന്നത്. മാത്രമല്ല, 1946-നുശേഷം ലേബർ പാർട്ടി ഇത്രയുംമികച്ച പ്രകടനം കാഴ്ചവെക്കുന്നതും ആദ്യമാണ്. പ്രധാനപ്രതിപക്ഷമായ കൺസർവേറ്റീവ് നാഷണൽ പാർട്ടിക്ക് 35 സീറ്റുകളേ നേടാനായുള്ളൂ. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. തിരഞ്ഞെടുപ്പിനുമുന്നോടിയായി നടന്ന അഭിപ്രായസർവേകളെ തള്ളിക്കളയുന്നതാണ് ഫലം. പ്രതിപക്ഷനേതാവ് ജുഡിത് കോളിൻസ് ഫോണിലൂടെ ജസീന്തയെ അഭിനന്ദനമറിയിച്ചു.രാജ്യത്ത് കോവിഡ് സാമൂഹികവ്യാപനം ഒഴിവാക്കാനായതാണ് സർക്കാരിന്റെ പ്രധാന നേട്ടമായി തിരഞ്ഞെടുപ്പുവേദികളിൽ ജസീന്ത മുന്നോട്ടുവെച്ചത്. 50-ൽ താഴെ മാത്രമാണ് ന്യൂസീലൻഡിൽ നിലവിലുള്ള കോവിഡ് രോഗികൾ. 50 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 25 കോവിഡ് മരണങ്ങൾ മാത്രമാണ് ഇതുവരെ റിപ്പോർട്ടുചെയ്തത്. കഴിഞ്ഞവർഷം ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളികളിൽ വംശവെറിയുടെ പേരിൽനടന്ന ഭീകരാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടപ്പോൾ ഇസ്ലാം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആത്മധൈര്യം നൽകിയും ജസീന്ത ചേർത്തുപിടിച്ചത് ലോകം ശ്രദ്ധിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെക്കാണാൻ ജസീന്ത ഹിജാബ് ധരിച്ചെത്തിയതും ശ്രദ്ധേയമായി. അഗ്നിപർവതം പൊട്ടിത്തെറിച്ചതടക്കമുള്ള പ്രതിസന്ധികളിലും രാജ്യത്തെ ജനങ്ങൾക്കൊപ്പംനിൽക്കുന്ന നിലപാടുകൾ ജസീന്തയുടെ ജനപ്രീതി വർധിപ്പിച്ചു.

