അസംഗഢില്‍ മത്സരിച്ചേക്കുമെന്ന് അഖിലേഷ് യാദവ്; ബിജെപിയില്‍ ചേര്‍ന്ന അപര്‍ണ യാദവിനെ പരിഹസിച്ചും എസ് പി അധ്യക്ഷന്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവഅസംഗഢിലെ ജനങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ മത്സരിക്കും. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അഖിലേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന, മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവിനെ പരിഹസിക്കാനും അഖിലേഷ് മറന്നില്ല.
സോഷ്യലിസ്റ്റ് ആശയങ്ങള്‍ ബിജെപിയിലും വ്യാപിക്കുന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. അപര്‍ണയുടെ ബി ജെ പി പ്രവേശത്തെ പരിഹസിച്ച അഖിലേഷ്, തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും അഭിപ്രായപ്പെട്ടു. ജനസ്വാധീനമില്ലാത്തവരാണ് പാര്‍ട്ടി വിട്ടത്. അപര്‍ണയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ മുലായംസിങ് യാദവ് ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കൊവിഡ് മാനദണ്ഡങ്ങളും സമാജ് വാദി പാര്‍ട്ടി പാലിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എസ് പിയുടെ കാലത്തുണ്ടായിരുന്ന പെന്ഷന് പദ്ധതി വീണ്ടും കൊണ്ടുവരും. എസ് സി – എസ്ടി വിഭാഗങ്ങളില്‍ നിന്ന് തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നതായിരുന്നു നേരത്തെ അഖിലേഷിന്റെ തീരുമാനം. എന്നാല്‍ യോഗി ആദിത്യനാഥ് അസംഗഢിലെ ഗോരഖ്പ്പൂരില്‍ നിന്ന് മത്സരിക്കുന്നതാണ് പുനര്‍വിചിന്തിനത്തിന് എസ്പിയെ പ്രേരിപ്പിക്കുന്നത്.
അതേസമയം, മുലായം സിങ് യാദവിന്റെ മരുമകളുടെ ബിജെപി പ്രവേശം സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ് എന്നാണ് വിലയിരുത്തല്‍. പിന്നാക്ക വിഭാഗം നേതാക്കള്‍ കൂട്ടത്തോടെ എസ്പിയില് ചേര്‍ന്നതിന് തിരിച്ചടിയായാണ് ബിജെപി നീക്കം. മൂന്ന് മന്ത്രിമാരും എംഎല്‍എമാരും ബിജെപിയില്‍ നിന്ന് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപിയുടെ രാഷ്ട്രീയ സര്‍ജിക്കല്‍ സ്ട്രൈക്ക്. പിന്നാക്ക വിഭാഗം നേതാക്കളെ അടര്‍ത്തിയെടുത്ത് പ്രതിരോധത്തിലാക്കിയ അഖിലേഷിന്റെ കുടംബത്തില്‍ നിന്നൊരാളെ തന്നെ മറുചേരിയില്‍ എത്തിച്ചാണ് ബിജെപിയുടെ മറുപടി. മുലായംസിങ് യാദവിന്റെ മകന് പ്രതീക് യാദവിന്റെ ഭാര്യയാണ് ബിജെപിയില്‍ ചേര്‍ന്ന അപര്‍ണയാദവ്. മുലായംസിങിന്റെയും രണ്ടാം ഭാര്യ സാദന യാദവിന്റെയും മകനാണ് അഖിലേഷിന്റെ അര്‍ധസഹോദരനായ പ്രതീക്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതയയാണ് പാര്‍ട്ടിയിലേക്ക് എത്തുന്നതെന്നാണ് അപര്‍ണ യാദവ് പറഞ്ഞത്
മുന്‍പ് പലപ്പോഴും ബിജെപി അനുകൂല നിലപാട് എടുത്ത് അപര്‍ണ യാദവ് വിവാദം സൃഷ്ടിച്ചിരുന്നു. 2017 ല്‍ ലക്നൗ കാന്റ് മണ്ഡലത്തില്‍ നിന്ന് എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയായ റീത്ത ബഹുഗുണ ജോഷിയോട് തോല്‍ക്കുകയായിരുന്നു.

