ഇലക്ട്രിക് ബസ്: ഗതാഗതമന്ത്രിയുടെ നിലപാട് തള്ളി ഭരണകക്ഷി MLA; ‘ലാഭകരമാക്കാന്‍ നടപടിയെടുക്കണം

തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിലപാടിനെതിരേ എതിർപ്പുമായി ഭരണപക്ഷ എം.എൽ.എ. രംഗത്ത്. സർക്കാർ നയപരമായി നടപ്പാക്കിയ ഇ ബസ് നഗരവാസികൾ സ്വീകരിച്ചെന്നും ലാഭകരമാക്കുകയാണ് കെ.എസ്.ആർ.ടി.സി. ചെയ്യേണ്ടത് എന്നും വി.കെ. പ്രശാന്ത് എം.എൽ.എ. പറഞ്ഞു.
തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആർ.ടി.സി. ചെയ്യേണ്ടത്- എന്നായിരുന്നു വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രിക് ബസിന്റെ സേവനം ജനങ്ങൾക്ക് നന്നായി ലഭിക്കുന്നു. സർക്കാർ നിശ്ചയിച്ചതിന്റെ ഭാഗമായി പത്തുരൂപ കൊടുത്ത് ജനങ്ങൾ ആ വാഹനം ഉപയോഗിക്കുകയാണ്. അപ്പോഴാണ് ഇത്തരം ഒരു നിലപാട് മാറ്റത്തിലേക്ക് എത്തുന്നത്. അത് യോജിക്കാൻ പറ്റുന്ന കാര്യമല്ല. ലാഭകരമല്ലാത്തതുകൊണ്ടാണ് ഇതുമാറ്റുന്നത് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഇത്രയും നാൾ ലാഭകരമാണ് എന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ലാഭകരമല്ലെങ്കിൽ ലാഭകരമാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണം. സർക്കാരിന്റെ നയം എന്നത്, ഇലക്ട്രോണിക് വാഹനം ഉപയോഗിക്കുക, മലിനീകരണം കുറക്കുക എന്നതാണ്. അത് തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യം – വി.കെ. പ്രശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഇലക്ട്രിക് ബസ് ലാഭത്തിലല്ല എന്നും അത് വാങ്ങിയവർക്കും ഉണ്ടാക്കിയവർക്കും ബസ് എത്രനാൾ പോകും എന്ന കാര്യത്തിൽ ഉറപ്പില്ല എന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞിരുന്നു.
ഇലക്ട്രിക് ബസ് എത്രനാൾ പോകും എന്ന കാര്യം ഉണ്ടാക്കിയവർക്കും അറിയില്ല എനിക്കും അറിയില്ല. അതാണ് യാഥാർഥ്യം. ഡീസൽ വണ്ടി വാങ്ങുമ്പോൾ 24 ലക്ഷം രൂപ കൊടുത്താൽ മതി. ഇതിന് ഒരു കോടി രൂപ കൊടുക്കണം. ഈ ഒരു വണ്ടിയുടെ വിലക്ക് 4 ഡീസൽ വണ്ടികൾ വാങ്ങിക്കാം. അപ്പോൾ നാട്ടിൽ ഇഷ്ടം പോലെ വണ്ടികാണും. കെ.എസ്.ആർ.ടി.സിയുടെ ചെലവ് പരമാവധി കുറച്ച്, വരവ് വർധിപ്പിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ ഉണ്ടാകൂ. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ശമ്പളം കൊടുക്കുന്നതും പെൻഷൻ കൊടുക്കുന്നതും സംസ്ഥാന സർക്കാരാണ്. കെ.എസ്.ആർ.ടി.സിയുടെ ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയുടെ തനതായ ഫണ്ട് വേണം- എന്നായിരുന്നു ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞത്.

