റഷ്യയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങും: ഐ.ഒ.സിയുമായി ധാരണയായി

ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉപരോധം കടുപ്പിക്കുന്നതിനിടെ റഷ്യയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ കമ്പനിയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനാണ് ധാരണയെന്നാണ് സൂചന. യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തിനുള്ള മറുപടിയെന്നോണമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം കടുപ്പിച്ചത്. ഇന്ത്യ നടത്തുന്ന ക്രൂഡ് ഓയില്‍ ഇടപാടുകളെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ തീരുമാനം ഉപരോധങ്ങളുടെ ലംഘനമല്ലെന്നും എന്നാല്‍ റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. റഷ്യന്‍ നേതൃത്വത്തെ സഹായിക്കുന്ന ഏതൊരു നടപടിയും അവര്‍ നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും സാകി പറഞ്ഞു. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് നിലവില്‍ യാതോരു തടസ്സവുമില്ല. അമേരിക്കയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളും ഇതിനെ ബാധിക്കുകയുമില്ല. തങ്ങള്‍ക്കെതിരെയുള്ള ഉപരോധം ശക്തമായതോടെയാണ് ഇന്ത്യ ഉള്‍പ്പെടെ തങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ നല്‍കാന്‍ റഷ്യ തീരുമാനിച്ചത്

