ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വിസ് മാര്‍ച്ച് 28 മുതല്‍ പുനരാരംഭിക്കുന്നു

ഷാര്‍ജ: ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വിസ് മാര്‍ച്ച് 28 മുതല്‍ പുനരാരംഭിക്കുന്നു. ആഴ്ചയില്‍ എല്ലാ ദിവസവുമുള്ള ഈ സര്‍വിസ് പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളാണ് സര്‍വിസ് നടത്തിയിരുന്നത്. പിന്നീട് അത് എയര്‍ഇന്ത്യ ആയി മാറി.
എന്നാല്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ എയര്‍ ഇന്ത്യയുടെ ഈ സര്‍വിസുകള്‍ നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര വിമാന വിലക്ക് മാറിയതോടെയാണ് എയര്‍ ഇന്ത്യ വീണ്ടും എത്തുന്നത്.
ഷാര്‍ജയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തിന്റെ സമയവും തിരക്കുകുറഞ്ഞ സമയങ്ങളിലുള്ള അധിക ലഗേജുമാണ് യാത്രക്കാരെ ആകര്‍ഷിച്ചിരുന്നത്. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകളുടെ സമയം രാത്രിയാണ് എന്നതായിരുന്നു പ്രത്യേകത. അതത് ദിവസങ്ങളില്‍ ജോലി കഴിഞ്ഞ് അന്ന് രാത്രിതന്നെ നാട്ടിലേക്ക് യാത്ര പുറപ്പെടാം എന്നതായിരുന്നു ഇതിന്റെ ഗുണം. തിരികെ രാത്രി നാട്ടില്‍നിന്നും പുറപ്പെട്ട് അര്‍ധരാത്രി ഷാര്‍ജയില്‍ തിരിച്ചെത്തുകയും പിറ്റേദിവസം തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുകയും ചെയ്യും.
എല്ലാദിവസവും രാത്രി ഒന്നിന് ഷാര്‍ജയില്‍നിന്നും പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 6.35നാണ് ഈ വിമാനം കോഴിക്കോട്ട് എത്തിച്ചേരുക. കോഴിക്കോട്ടുനിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12.05ന് ഷാര്‍ജയില്‍ എത്തും. തുടക്കത്തില്‍ ഷാര്‍ജയില്‍നിന്നും കോഴിക്കോട്ടേക്ക് 430 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇക്കണോമി ക്ലാസില്‍ 40 കിലോ ബാഗേജും ബിസിനസ് ക്ലാസില്‍ 45 കിലോ ബാഗേജും കൊണ്ടുപോകാമെന്ന പ്രത്യേകതയുമുണ്ട്.
ദുബൈയില്‍ നിന്ന് എല്ലാ ദിവസവുമുള്ള എയര്‍ ഇന്ത്യയുടെ കോഴിക്കോട്, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി വിമാന സര്‍വിസുകളുടെ വേനല്‍ക്കാല ഷെഡ്യൂളും ശനിയാഴ്ചകളിലെ ദുബൈ – ഇന്‍ഡോര്‍, ആഴ്ചയില്‍ നാലു ദിവസങ്ങളില്‍ സര്‍വിസുള്ള ദുബൈ – ഗോവ-ബംഗളൂരു, എല്ലാ ദിവസവുമുള്ള അബൂദബി – മുംബൈ സര്‍വിസുകളുടെയും വേനല്‍ക്കാല ഷെഡ്യൂളും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഡല്‍ഹി, കൊച്ചി, മുംബൈ സെക്ടറില്‍ ഡ്രീംലൈനര്‍ വിമാനങ്ങളാണ് ഉപയോഗിക്കുകയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് മുഖേനയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

