അര മണിക്കൂറിലധികം പുറത്തുപോയാല്‍ അവധി; സെക്രട്ടേറിയറ്റില്‍ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാരെ ഇരുത്തി ജോലി ചെയ്യിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. ജീവനക്കാർ ഏഴു മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ആക്സസ് കൺട്രോൾ സിസ്റ്റം വഴി ആയിരിക്കും ജീവനക്കാരെ നിരീക്ഷിക്കുക. എന്നാൽ ഇതിനെതിരെ സിപിഎം അനുകൂല സംഘടനകൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
ഈ സംവിധാനം നടപ്പിലാകുന്നതോടെ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാൽ അന്നത്തെ ദിവസം അവധിയായി കണക്കാകും.
സെക്രട്ടറിയേറ്റ് ജീവനക്കാരോട് നിഷ്കർഷിച്ചിട്ടുള്ളത് ഏഴുമണിക്കൂർ ജോലി ചെയ്യണമെന്നാണ്. എന്നാൽ നിലവിൽ ജോലികൾ പൂർണമായും നിർവഹിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഈ ഏഴ് മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റു ആവശ്യങ്ങൾക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കിൽ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാൽ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടൂ.

