വാക്കേറ്റത്തെത്തുടര്‍ന്ന് തമ്മില്‍ത്തല്ല്; ആറന്മുളയില് മധ്യവയസ്കന് അടിയേറ്റു മരിച്ചു

റോബിൻ എബ്രഹാം
പത്തനംതിട്ട: ആറന്മുളയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിൽത്തല്ലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവസ്കൻ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിൻ എബ്രഹാമിനെ പോലീസ് പിടികൂടി.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സജിയും പിടിയിലായ റോബിനും മുമ്പ് സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിണക്കത്തിലായി. കഴിഞ്ഞ ദിവസം രാത്രി ഇരുവരും കണ്ടുമുട്ടിയപ്പോൾ തർക്കത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു.
തലക്കടിയേറ്റ് ഗുരുതരമായ പരിക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി രണ്ട് മണിയോടെ സജി മരണപ്പെട്ടു. പുലർച്ചെയാണ് പ്രതി റോബിനെ ആറന്മുള പോലീസ് പിടികൂടിയത്. ഇരുവരേയും അടിപിടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച സന്തോഷ് എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

