താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച സംഭവം: ദേശീയപാതാ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

താമരശ്ശേരി: പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച പശ്ചാത്തലത്തില്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ താമരശ്ശേരി ചുരത്തിലെ ആറാം വളവ് സന്ദര്‍ശിച്ചു.ചുരം യാത്രയുടെ സുരക്ഷിതത്വം വിലയിരുത്താനും അപകട കാരണമറിയാനുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ബൈക്ക് യാത്രികനായ മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് ആണ് കഴിഞ്ഞ ശനിയാഴ്ച റോഡിലേക്ക് ആറാം വളവിലെ വനത്തില്‍ നിന്ന് പാറക്കല്ല് ഇടിഞ്ഞുവീണു മരിച്ചത്. കല്ലിനൊപ്പം തെറിച്ചു വീണ ബൈക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ പാതാ വിഭാഗത്തിന്റെ ഫീല്‍ഡ് ജീവനക്കാര്‍ ചുരം ആറാം വളവ് സന്ദര്‍ശിച്ചത്.
‘പാറ ഇടിയാന്‍ എന്താണ് കാരണമെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടെത്താന്‍ സാധിക്കില്ലെന്ന് അസി. എക്സി. എഞ്ചിനീയര്‍ റെനി പി മാത്യു പറഞ്ഞു. എങ്കിലും രണ്ടു തവണയുണ്ടായ പ്രളയവും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുമാവാം പാറ ഇടിയാന്‍ കാരണമായേക്കാമെന്നും ഇതുസംബന്ധിച്ച് അന്തിമ തീര്പ്പിലെത്താറായിട്ടില്ലെന്ന് അധികൃതര്‍ പ്രതികരിച്ചു.
ചുരത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പാറക്കല്ല് വീണ് അപകടം ഉണ്ടായത്. വനം വകുപ്പിന്റെ സ്ഥലമായതിനാല്‍ ദേശീയ പാതാ വിഭാഗത്തിന് റോഡിനു സംരക്ഷണ ഭിത്തിയൊരുക്കുന്നതിന് പരിമിതികളുണ്ട്. വന ഭാഗങ്ങളില്‍ നിരവധി കൂറ്റന്‍ പാറകള്‍ ഇപ്പോഴും ഉണ്ടെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്നും റെനി പി മാത്യു വ്യക്തമാക്കി.
വീഴ്ചയില്‍ മരത്തിലും കല്ലിലും ഇടിച്ചുണ്ടായ ഗുരുതര പരിക്കാണ് അഭിനവിന്റെ മരണത്തിനു കാരണമായത്.അഭിനവിനൊപ്പം സഞ്ചരിച്ച അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. അപകടനില തരണം ചെയ്ത അനീഷിനെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്

