KSDLIVENEWS

Real news for everyone

നീലേശ്വരം റെയിൽവേ സ്റ്റേഷൻ: രണ്ടാം പ്ലാറ്റ്‌ഫോം ഉയർത്തൽ ഒരാഴ്ചയ്ക്കകം പുനരാരംഭിക്കും

SHARE THIS ON

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോം ഉയർത്തൽ പ്രവൃത്തി ഉടൻ പുനരാരംഭിക്കും. റെയിൽവേ കരാറുകാർക്ക് കൊടുക്കാനുള്ള 125 കോടി രൂപയോളം കിട്ടാതെ ഒരു പ്രവൃത്തിയും തുടരേണ്ടെന്ന റെയിൽവേ കരാറുകാരുടെ അസോസിയേഷൻ തീരുമാനത്തിന്റെ ഭാഗമായാണ് പണി നിർത്തിവെച്ചിരുന്നത്.
റെയിൽവേ പണം അനുവദിച്ചുതുടങ്ങിയതോടെ പ്രശ്നത്തിന് ജൂണിൽ പരിഹാരമായി. ഈസമയം കോവിഡ് രൂക്ഷമായതിനെതുടർന്ന് അതിഥി തൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇക്കാരണത്താൽ അന്ന് പണി തുടങ്ങാൻ സാധിച്ചിരുന്നില്ല. തിരിച്ചെത്തിയ തൊഴിലാളികൾ നിലവിൽ ക്വാറന്റീനിലാണ്. നിലവിൽ തീവണ്ടികൾ പൂർണതോതിൽ ഓടാത്തതിനാൽ യാത്രക്കാർക്ക് തടസ്സമില്ലാതെ വേഗത്തിൽ പണി തീർക്കാമെന്ന കണക്കുകൂട്ടലിലാണ് കരാറുകാർ. ഇതിന് മുന്നോടിയായി കരാർ ഏറ്റെടുത്ത തൃശ്ശൂരിലെ ജോൺസണിന്റെ സൂപ്പർവൈസർ നീലേശ്വരത്തെത്തി പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ കണ്ടിരുന്നു. ഈ മാസം 22-നകം പണി പുനരാരംഭിക്കാനാണ് ഒരുക്കമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
82.5 ലക്ഷം രൂപ ചെലവിൽ 450 മീറ്റർ നീളത്തിലാണ് പ്ലാറ്റ് ഫോം ഉയർത്തുന്നത്. ഗുഡ്‌സ് ട്രാക്കുകൂടി ഉള്ളതിനാൽ പണി വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്‌ഫോം നേരത്തെ തന്നെ ഉയർത്തിയിരുന്നു. രണ്ടാം പ്ലാറ്റ് ഫോം ഉയർത്താത്തതിനാൽ വണ്ടിയിൽനിന്ന് ഇറങ്ങുമ്പോൾ വീണ് ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു. ഇത് പൂർത്തീകരിച്ചാൽ മാത്രമേ പാതിവഴിയിൽ നിർത്തിയിരിക്കുന്ന കംപ്യൂട്ടർ അനൗൺസ്‌മെന്റ് സംവിധാനത്തിന്റെ പണി പുനരാരംഭിക്കാൻ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!