ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്നത് 3761 പേരെന്ന് സർവേ ; അവർക്ക് “കൂട്ടായ്” കുടുംബ ശ്രീയുടെ “സ്നേഹിത”

കാസർഗോഡ് : ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്നത് 3868 പേർ. കുടുംബശ്രീയുടെ സ്നേഹിത കോളിങ് ബെൽ പദ്ധതി പ്രകാരം നടത്തിയ സർവേയിലാണ് ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്തിയത്. 2020 സെപ്റ്റംബർ വരെയുള്ള കണക്കാണിത്. 522 പുരുഷന്മാരും 3346 സ്ത്രീകളുമാണുള്ളത്.
ഇതിൽ പട്ടികജാതിയിൽപ്പെടുന്ന 42 പുരുഷന്മാരും 224 സ്ത്രീകളുമുണ്ട്. പട്ടികവർഗ വിഭാഗത്തിൽ 67 പുരുഷന്മാരും 410 സ്ത്രീകളുമാണുള്ളത്.233 പേരുള്ള കിനാനൂർ കരിന്തളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർ ഒറ്റയ്ക്ക് താമസിക്കുന്നത്. കോടം-ബേളൂരിൽ 190 പേരും ചെമ്മനാട് 189 പേരുമാണ് ഒറ്റയ്ക്ക് കഴിയുന്നത്. ബ്ലോക്കടിസ്ഥാനത്തിൽ 950 പേർ ഒറ്റയ്ക്ക് കഴിയുന്ന പരപ്പ ബ്ലോക്കാണ് മുന്നിൽ.
ഒറ്റയ്ക്ക് താമസിക്കുന്ന് സ്ത്രീകളും സ്ത്രീയും കുട്ടികളും പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ കഴിയാതെ ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരെയുമാണ് സർവേയിലൂടെ കണ്ടെത്തുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവരെ ആൾക്കാർ കൊലപ്പെടുത്തി മോഷണങ്ങൾ തുടർക്കഥയായ 2018 മാർച്ചിലാണ് ഇത്തരക്കാർക്ക് പിന്തുണയെന്ന നിലയ്ക്ക് കുറ്റിക്കോൽ പഞ്ചായത്തിൽ സ്നേഹിത കോളിങ് ബെൽ ആരംഭിക്കുന്നത്.
സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരും പിന്നാക്കാവസ്ഥയിലുള്ളവരും പട്ടികയിലുണ്ട് : സർവേയിലൂടെ ആൾക്കാരെ കണ്ടെത്തിയാൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി ഇവരെ നിരന്തരം ബന്ധപ്പെടുകയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ, റേഷൻ കാർഡ്, ആരോഗ്യസഹായങ്ങൾ എന്നിവ എത്തിക്കുകയുമാണ് സ്നേഹിതയുടെ ലക്ഷ്യം.
ഇവരെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. പഞ്ചായത്ത് തലത്തിൽ ഇത്തരക്കാർക്കായി സംഗമവും ആരോഗ്യ ക്യാമ്പും ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്. കൗൺസലിങ് ആവശ്യമുള്ളവർക്ക് കമ്യൂണിറ്റി കൗൺസലർമാരും സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിലെ രണ്ട് കൗൺസിലർമാരും കൗൺസലിങ് നടത്തും.
ഒറ്റയ്ക്ക് താമസിക്കുന്നവർ – ബ്ലോക്ക് തിരിച്ചുള്ള കണക്ക്.
കാറഡുക്ക 602
കാഞ്ഞങ്ങാട് 552
കാസർകോട് 544
പരപ്പ 950
നീലേശ്വരം 795
മഞ്ചേശ്വരം 425

