ഇ ഗവേണന്‍സില്‍ നേട്ടം; സിറ്റിസണ്‍ പോര്‍ട്ടലില്‍ അപേക്ഷ 10 ലക്ഷം കടന്നു

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടലിലെ അപേക്ഷകള്‍ 10 ലക്ഷം കടന്നു. വെള്ളി വൈകിട്ടുവരെ 10,05,557 അപേക്ഷയാണ് സമര്‍പ്പിച്ചത്. ഇതില്‍ 7,33,807 ഫയലും (74 ശതമാനം) തീര്‍പ്പാക്കി. പഞ്ചായത്തുകളിലെ ഫയലുകളില്‍ 74 ശതമാനവും (8,66,047ല്‍ 6,37,628), കോര്‍പറേഷനില്‍ 80ഉം (36,954ല്‍ 29,425), മുനിസിപ്പാലിറ്റികളില്‍ 70ഉം (1,07,058ല്‍ 74,556) ഫയലാണ് ഓണ്‍ലൈനായി സ്വീകരിച്ച് തീര്‍പ്പാക്കിയത്. https://citizen.lsgkerala.gov.in വെബ്സൈറ്റു വഴിയാണ് അപേക്ഷിക്കേണ്ടത്. പോര്‍ട്ടല്‍വഴി 264 സേവനം ലഭിക്കും.
മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം അപേക്ഷകള്‍ ഓണ്‍ലൈനില്‍ ലഭിച്ചത്. ഫയലുകള്‍ തീര്‍പ്പാക്കിയതില്‍ വയനാട് ജില്ലയാണ് ഒന്നാംസ്ഥാനത്ത് -(84 ശതമാനം). ഇ–- ഗവേണന്‍സ് രംഗത്തെ കേരളത്തിന്റെ മികച്ച നേട്ടമാണിതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.
നഗരസഭകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും. ഫയലുകള്‍ ഏത് ഓഫീസറുടെ മുന്നിലാണെന്നും എന്ത് നടപടി സ്വീകരിച്ചെന്നും അപേക്ഷകനും ജനപ്രതിനിധികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷിക്കാം.
അഴിമതിരഹിതവും സമയബന്ധിതവുമായി സേവനങ്ങളുറപ്പിക്കാന്‍ ഇതിലൂടെ കഴിയും. പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വഴിയും ഏഴുമാസംകൊണ്ട് ഫ്രണ്ട് ഓഫീസ് വഴിയും ഓണ്‍ലൈനായി ലഭിച്ചതും ഉള്‍പ്പെടെ 65,82,075 ഫയലാണ് കൈകാര്യം ചെയ്തത്. ഇതില്‍ 52,08,731 ഫയലും (79.14 ശതമാനം) തീര്‍പ്പാക്കി.

