ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ രേഖകള്‍ തപ്പി താലിബാന്‍, കാറുകളുമായി സ്ഥലംവിട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ സംഘം പരിശോധന നടത്തി. കോൺസുലേറ്റുകളിലെത്തിയ താലിബാൻ സംഘം അവിടെ രേഖകൾ തിരയുകയും പുറത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുമായി സ്ഥലംവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ചയാണ് താലിബാൻ സംഘം കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യൻ കോൺസുലേറ്റുകളിൽ പരിശോധന നടത്തിയത്. അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയിൽ ജോലി ചെയ്തിരുന്ന അഫ്ഗാനികളെ തിരിച്ചറിയാൻ താലിബാൻ കാബൂളിൽ ഓരോ വീടുകളും കയറിയിറങ്ങി തിരച്ചിൽ നടത്തുകയാണ്. കാബൂളിലെ എംബസി കൂടാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിൽ നാല് കോൺസുലേറ്റുകൾ പ്രവർത്തിച്ചിരുന്നു. കാണ്ഡഹാറിനും ഹെറാത്തിനും പുറമേ മസാർ-ഇ-ഷെരീഫിലും ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തിച്ചിരുന്നു. പ്രദേശത്ത് താലിബാൻ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കോൺസുലേറ്റ് അടച്ചുപൂട്ടിയിരുന്നു. തന്ത്രപ്രധാനമായ നീക്കത്തിലൂടെ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങളിൽ ഈയാഴ്ച എംബസി ജീവനക്കാരെ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡറെ നേരത്തെ ഇന്ത്യ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. അഫ്ഗാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം രാജ്യത്തുനിന്ന് രക്ഷപ്പെടാൻ നയതന്ത്രജ്ഞരും സാധാരണ ജനങ്ങളും വളരെയധികം ബുദ്ധിമുട്ടുകയാണ്. ചില ഇന്ത്യൻ പൗരന്മാർ ഇപ്പോഴും കാബൂളിൽ കുടുങ്ങിക്കിടക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ മിഷനിലെ 200 ഓളം ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തിനുള്ളിൽ ഒഴിപ്പിച്ചതായി ഇന്ത്യൻ പ്രതിനിധി രുദ്രേന്ദ്ര ടണ്ടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

