വിദേശവായ്പ: വഴിയടഞ്ഞില്ലെന്ന് കെ-റെയില്‍, നാല് ഏജന്‍സികളെ സമീപിച്ചു

കോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ വിദേശവായ്പയ്ക്കുള്ള വഴിയടഞ്ഞിട്ടില്ലെന്ന് കെ-റെയില്‍. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി (ജെയ്ക്ക) അടക്കമുള്ള നാലു ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കാനുള്ള അപേക്ഷ കേന്ദ്രധനമന്ത്രാലയത്തിനു മുമ്പിലാണെന്നും അവര്‍ വ്യക്തമാക്കി. റെയില്‍വേ ബോര്‍ഡില്‍നിന്ന് പദ്ധതിക്ക് അനുകൂലറിപ്പോര്‍ട്ട് നല്‍കിയാല്‍മാത്രമേ അപേക്ഷകളില്‍ മന്ത്രാലയം തുടര്‍നടപടി എടുക്കൂവെന്നാണ് മനസ്സിലാകുന്നത്.
കഴിഞ്ഞദിവസം വിവരാവകാശനിയമപ്രകാരം കേന്ദ്രധനമന്ത്രാലയം നല്‍കിയ മറുപടിയില്‍ ജെയ്ക്കയില്‍നിന്ന് സഹായം സ്വീകരിക്കാനുള്ള പദ്ധതിയില്‍നിന്ന് സില്‍വര്‍ലൈനിനെ ഒഴിവാക്കിയെന്ന് പറഞ്ഞിരുന്നു.
ജെയ്ക്കയില്‍നിന്നുമാത്രമായി സഹായധനം സ്വീകരിക്കാനുള്ള അപേക്ഷ നിലവിലില്ലെന്നത് ശരിയാണെന്ന് കെ-റെയില്‍ പറഞ്ഞു. 2018-ല്‍ ആദ്യം നല്‍കിയ അപേക്ഷ അവരുടെ നിര്‍ദേശപ്രകാരം പിന്‍വലിച്ചിരുന്നു. വായ്പ ഒറ്റയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നും മറ്റ് ഏജന്‍സികളുടെ പിന്തുണതേടണമെന്നും അവര്‍ പറഞ്ഞു. ഇതുപ്രകാരം എ.ഡി.ബി., എ.ഐ.ഐ.ബി., കെ.എഫ്.ഡബ്ല്യു. എന്നീ ഏജന്‍സികളില്‍നിന്നുകൂടി സഹായംതേടാന്‍ തീരുമാനിച്ചു. 2021 ഏപ്രിലില്‍ ജെയ്ക്കയെക്കൂടി ഉള്‍പ്പെടുത്തി അപേക്ഷനല്‍കിയെന്നും കെ-റെയില്‍ വിശദീകരിക്കുന്നു.

