പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകം: ഏഴാംപ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പള്ളിക്കര: പ്രവാസിവ്യവസായി പള്ളിക്കര പൂച്ചക്കാട്ടെ ഫാറൂഖിയ പള്ളിയുടെ സമീപം ബൈത്തുറഹ്മയിൽ എം.സി. അബ്ദുൾഗഫൂർ ഹാജിയുടെ (55) കൊലപാതകവും 596 പവൻ ആഭരണങ്ങൾ കാണാതാവുകയും ചെയ്ത കേസിലെ ഏഴാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈ കേസിൽ അവസാനം അറസ്റ്റിലായ പള്ളിക്കര പൂച്ചക്കാട് ബിസ്മില്ലാ റോഡിൽ അൽബദർ മൻസിലിലെ സൈഫുദീൻ ബാദുഷ(33)യുടെ ജാമ്യാപേക്ഷയാണ് വ്യാഴാഴ്ച ഹൈക്കോടതി തള്ളിയത്.
രണ്ടുതവണ സൈഫുദീൻ ബാദുഷ കാസർകോട് ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഇദ്ദേഹം ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്. അനേഷണസംഘത്തലവൻ ഡിസിആർബി ഡിവൈഎസ്പി കെ.ജെ.ജോൺസനും സംഘവും 90 ദിവസത്തിനുള്ളിൽ പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയത് മൂലം പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിനുള്ള വഴി നേരത്തേതന്നെ അടഞ്ഞിരുന്നു. ഉളിയത്തടുക്ക നാഷനൽ നഗർ തുരുത്തി സ്വദേശി ബാര മീത്തൽ മാങ്ങാട് ബൈത്തുൽ ഫാത്തിമയിലെ ടി.എം. ഉബൈസ് (ഉവൈസ്-32), ഭാര്യ കെ.എച്ച്. ഷമീന (ജിന്നുമ്മ-34), മുക്കൂട് ജീലാനിനഗറിലെ താമസക്കാരി പൂച്ചക്കാട്ടെ പി.എം. അസ്നിഫ (36) എന്നിവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ട്.
നാലാംപ്രതി കൊല്യയിലെ ആയിഷയ്ക്ക് കടുത്ത വ്യവസ്ഥകളോടെ ജില്ലാ കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു.
അതിനിടെ മൂന്നാം പ്രതി അസ്നിഫയെ അസുഖത്തെ തുടർന്ന് പോലീസ് നിരീക്ഷണത്തിൽ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ കേസിൽ അഞ്ചും ആറും പ്രതികളായ പള്ളിക്കര പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവർ വിദേശത്താണ് ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.

