യുഎസ് അടക്കമുള്ള എല്ലാ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നു – താലിബാന്

കാബൂൾ: അമേരിക്കയുൾപ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ താത്പര്യപ്പെടുന്നതായി താലിബാൻ. ‘ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്താൻ എല്ലാ രാജ്യങ്ങളുമായും നയതന്ത്രപരമായും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയുമായി’ താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗനി ബരാദർ പറഞ്ഞതായി ചൈനീസ് വാർത്താ ഏജൻസ റിപ്പോർട്ട് ചെയ്തു. യുഎസുമായി നയതന്ത്ര-വാണിജ്യ ബന്ധം സ്ഥാപിക്കില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചെന്ന വാർത്ത ബരാദർ തള്ളി. ഏതെങ്കിലും രാജ്യവുമായി വാണിജ്യ ബന്ധം വിച്ഛേദിക്കുന്നത് സംബന്ധിച്ച് ഞങ്ങൾ ഒരിക്കലും സംസാരിക്കില്ല. ഇതുമായി ബന്ധപ്പെട്ട വാർത്ത അഭ്യൂഹങ്ങൾ മാത്രമാണ്. ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ കാബൂളിലെത്തിയ ഗാനി അഫ്ഗാൻ രാഷ്ട്രീയ നേതാക്കളുമായി സർക്കാർ രൂപീകരണം സംബന്ധിച്ച് ഔപചാരിക ചർച്ചകൾ ആരംഭിച്ചു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിട്ട് ഇന്നേക്ക് ഏഴാം ദിവസമാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളായി ബാങ്കുകൾ അടച്ചിട്ടിരിക്കുന്നതിനാൽ പണലഭ്യത സംബന്ധിച്ച് ആളുകൾക്കിടയിൽ ഭീതി പടരുന്നുണ്ട്. ഇതിനിടെ അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ യുഎസ് വിമാനങ്ങൾ ശനിയാഴ്ച പുനരാരംഭിച്ചു. വെള്ളിയാഴ്ചയാണ് ഒഴിപ്പിക്കൽ നടപടി യുഎസ് നിർത്തിവെച്ചിരുന്നത്.

