KSDLIVENEWS

Real news for everyone

പാലത്തായി പോക്സോ കേസ്: ബി.ജെ.പി നേതാവായ അധ്യാപകന്‍ പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

SHARE THIS ON

കൊച്ചി: പാലത്തായി പോക്സോ കേസില്‍ പ്രതി ബി ജെ പി നേതാവായ അധ്യാപകന്‍ പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. തലശേരി പോക്‌സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് മരവിപ്പിച്ചത്. ആര്‍ എസ് എസ് നേതാവ് പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചത് യു ഡി എഫ് സര്‍ക്കാറിന്റെ ഒത്തുകളിയുടെ ഭാഗമെന്ന ആരോപണവുമായി സി പി എം രംഗത്തുവന്നു.

ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെ പത്മരാജന് ഹൈക്കോടതി ജാമ്യം നല്‍കി. വിചാരണക്കോടതിയുടെ ശിക്ഷാവിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയായ കുട്ടിയുടെ മൊഴികളില്‍ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു. 600ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധയില്‍പ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയില്‍ കോടതി സംശയം പ്രകടിപ്പിച്ചു.

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍വച്ചു മൂന്നു തവണ പീഡിപ്പിച്ചെന്നാണു കേസ്. പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പാനൂര്‍ പോലീസിലും കുട്ടിയുടെ മാതാവ് പരാതി നല്‍കി. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോക്സോ ചുമത്തി കേസെടുത്തു. ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അടക്കം നാലു സംഘം മാറിമാറി അന്വേഷിച്ച കേസില്‍ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ അന്തിമ കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ നവംബറിലാണ് കേസില്‍ വിചാരണക്കോടതി വിധി പറഞ്ഞത്.

പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി ജെ പി നേതാവായ അധ്യാപകന്‍ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതും ജാമ്യം ലഭിച്ചതും യു ഡി എഫ് സര്‍ക്കാര്‍ ഒത്തുകളിയുടെ ഭാഗമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കാലത്ത് പോലീസ് കുറ്റുമറ്റ രീതിയില്‍ അന്വേഷിച്ച് തെളിവുകള്‍ സഹിതം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് കടുത്തശിക്ഷതന്നെ കോടതി നല്‍കിയതായിരുന്നു.

ഇപ്പോള്‍ ഭരണമാറ്റമുണ്ടായി, യു ഡി എഫ് അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളിലാണ് ആര്‍ എസ് എസ് നേതാവായ പ്രതിക്ക് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചിരിക്കുന്നത്. ആര്‍ എസ് എസ് നയം പിന്തുടരുന്ന സര്‍ക്കാര്‍ ഇടപെടലില്ലാതെ പ്രൊസിക്യൂഷന്‍ ഇത്രയും ഒച്ചപ്പാടുണ്ടാക്കിയ കേസിനെ ലാഘവ ബുദ്ധിയോടെ സമീപിക്കില്ല എന്നത് വ്യക്തമാണ്. പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്തില്‍നിന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒഴിഞ്ഞുമാറാനാകില്ല.

നേരത്തെ ഇക്കാര്യത്തില്‍ സി പി എമ്മിനും അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാറിനുമെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി തെറ്റിദ്ധാരണപരത്തുന്ന വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഇക്കാര്യത്തില്‍ എന്ത് മറുപടിയാണ് പറയാനുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!