KSDLIVENEWS

Real news for everyone

രാഹുലിന്റെ പരിപാടിയിൽ ഇൻഫ്‌ളുവൻസർമാരെ പങ്കെടുപ്പിക്കുന്നത് 25,000 രൂപ നൽകി; ആരോപണവുമായി ബിജെപി

SHARE THIS ON

മുംബൈ: രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർക്ക് കോൺഗ്രസ് പണം വാഗ്ദാനം ചെയ്യുകയാണെന്ന ആരോപണവുമായി ബിജെപി. പുണെയിൽ നാളെ നടക്കുന്ന രാഹുലിന്റെ ‘ഛാത്രോം കീ ഗുഞ്ജ്’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ 25,000 രൂപ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും കോൺഗ്രസ് പ്രവർത്തകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റേതെന്ന് പറഞ്ഞുള്ള വീഡിയോയും ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ കോൺഗ്രസ് പ്രവർത്തകനെന്ന് പറയുന്ന ആളുടെ പേര് ‘ശന്തനു’ എന്നാണ് പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറോട് പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്ന ശന്തനു, അത് അവരുടെ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പ്രൊമോട്ട് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനും വീഡിയോകൾ ചിത്രീകരിച്ച് പങ്കുവെക്കാനുമാണ് പറയുന്നത്.

യാത്രാച്ചെലവ് ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കാൻ 25,000 രൂപയാണ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. ‘ഈ വീഡിയോ കാണൂ, അദ്ദേഹത്തിന്റെ പുണെയിലെ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമായി 25,000 രൂപ ഇൻഫ്‌ളുവൻസർമാർക്ക് വാഗ്ദാനം ചെയ്യുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് പണംകൊടുക്കേണ്ടിവരുന്ന വിധത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം ദുർബലമാണ്. എന്നിരിക്കിലും എപ്പോഴൊക്കെ തോൽക്കുന്നോ അപ്പോഴൊക്കെ അദ്ദേഹം ഇവിഎമ്മിനെ ചോദ്യംചെയ്യും’, ഫോൺ സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ച് ബിജെപി സാമൂഹികമാധ്യമായ എക്‌സിൽ കുറിച്ചു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ കുട്ടികളോട് സംവദിക്കുന്ന രാഹുലിന്റെ ‘ഛാത്രോം കീ ഗുഞ്ജ്’ പുണെയിൽ നാളെ എസ്എസ്പിഎംഎസ് കോളേജിലാണ് നടക്കുന്നത്. വൈകുന്നേരം നാലര മുതൽ രാത്രി ഒൻപതരവരെ നടക്കുന്ന പരിപാടിയൽ എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിൽ ആളുകൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!