ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടു; മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവത്തില്‍ പ്രതിഷേധം. തലകുളം സ്വദേശി സാമുവലാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഏലത്തോട്ടത്തില്‍ ജോലിയ്ക്കിടെയാണ് സാമുവലിനെ കാട്ടാന ആക്രമിച്ചത്.
ചില്ലിക്കൊമ്പന് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാനാണ് സാമുവലിനെ ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ സാമുവല്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹവുമായി പൂപ്പാറയിലെത്തി നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു. നാട്ടുകാരുമായി ഡി.എഫ്.ഒ. നടത്തിയ ചർച്ചയില്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി സാമുവലിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

