KSDLIVENEWS

Real news for everyone

പോലീസിന് രാജാവിനേക്കാള്‍ രാജഭക്തി, ലാത്തിക്കുമുമ്പില്‍ ഒലിച്ചുപോകുന്നതല്ല കോണ്‍ഗ്രസിന്റെ സമരവീര്യം

SHARE THIS ON

തിരുവനന്തപുരം: സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പോലീസ് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാട്ടുന്നത്. ലാത്തികാട്ടിയാല്‍ ഒലിച്ച് പോകുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരവീര്യമെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ജനത്തെ മറന്ന് ഭരണം നടത്തിയാല്‍ പ്രതിഷേധം ഉണ്ടാകുകതന്നെ ചെയ്യും. അതിനെ ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലയ്ക്കടിച്ചോ അപായപ്പെടുത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടോയെന്ന് ഡി.ജി.പി. വ്യക്തമാക്കണം. കേരളത്തിന്റെ തെരുവോരങ്ങളില്‍ അപകടം വിതയ്ക്കുംവിധമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചീറിപ്പായുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്കെല്ലാം കാവലാളാകുന്ന പോലീസ് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാട്ടുന്നത്. റോഡരികില്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് അമിതവേഗത്തില്‍ വാഹനം ഓടിച്ച് കയറ്റിയും ലാത്തികൊണ്ട് തലയ്ക്കടിച്ചും കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെയാണ് അന്യായമായുള്ള കരുതല്‍ തടങ്കലുകള്‍. നിയമപാലകര്‍ ഭരണകോമരങ്ങള്‍ക്കുവേണ്ടി നിയമംലംഘിച്ച് കിരാത നടപടികള്‍ തുടരുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തങ്ങളും നിര്‍ബന്ധിതരാകുമെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!