KSDLIVENEWS

Real news for everyone

കാട്ടാക്കട മര്‍ദ്ദനം; പ്രതികളെ പിടികൂടാതെ പൊലീസ്, പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ തെരച്ചിലെന്ന് വാദം

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ തേടിയെത്തിയ അച്ഛനെയും മകളെയും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പ്രതികള്‍ ഇന്ന് ജാമ്യം തേടി കോടതിയെ സമീപിക്കും എന്നാണ് സൂചന.

അതേസമയം, ആക്രമണ ദൃശ്യങ്ങളില്‍ കണ്ട മെക്കാനിക് അജിക്കെതിരെയും ഇന്ന് അച്ചടക്ക നടപടി ഉണ്ടായേക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച കെഎസ്‌ആര്‍ടിസി വിജിലന്‍സ് സംഘം അജിയെ തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ നടപടി ഇല്ലാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്നലെ രാത്രി കെഎസ്‌ആര്‍ടിസി വിജിലന്‍സ് സംഘം വീട്ടില്‍ ചെന്ന് മര്‍ദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തി. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്റിന്റെ ആലോചന.

സംഭവം ഇന്ന് ഹൈക്കോടതി പരിഗണിക്കും. മര്‍ദ്ദനത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു. കെഎസ്‌ആര്‍ടിസി എം ഡി ബിജു പ്രഭാകറിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടിയ്ക്ക് കൈമാറും. കാട്ടക്കട സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരീക്ഷ കഴിഞ്ഞു, കെഎസ്‌ആ‌ര്‍ടിസിയില്‍ അടിയേറ്റ് ആശുപത്രിയിലായ പപ്പയെ കാണാന്‍ മകളെത്തി; ‘നന്നായി എഴുതാന്‍ പറ്റിയില്ല’

അന്ന് സംഭവിച്ചത്…

മകള്‍ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍. പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്ബ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്‍ മറുപടി നല്‍കിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്‌ആര്‍ടിസി രക്ഷപെടാത്തതെന്ന് പ്രേമനന്‍ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച്‌ തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.

അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേള്‍ക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോള്‍ രേഷ്മയെ തള്ളിമാറ്റി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നല്‍കിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലില്‍ നിന്ന് ജീവനക്കാര്‍ മോചിപ്പിച്ചത്. ആക്രമണത്തില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടത്തില്‍ ഇടിച്ച്‌ പ്രേമനന് പരിക്കേറ്റു. സംഭവത്തില്‍ 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതിട്ടുണ്ട്. സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍ കുമാര്‍, ഐഎന്‍ടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലന്‍ ഡോറിച്ച്‌ എന്നിവരെ അന്വേഷണവിധേയരായി സസ്പെന്‍‍ഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!