സിവിൽ സപ്ലൈസ് ധാന്യ ഗോഡൗണിൽ മിന്നൽ പണിമുടക്ക്; റേഷൻ ലോഡ് നീക്കം സ്തംഭിച്ചു-

നീലേശ്വരം ∙ കാഞ്ഞങ്ങാട്ടെ സിവിൽ സപ്ലൈസ് ധാന്യ ഗോഡൗണിൽ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയതോടെ നീലേശ്വരം എഫ്സിഐയിൽ നിന്നുള്ള റേഷൻ ലോഡ് നീക്കം സ്തംഭിച്ചു. പണിമുടക്കു തുടർന്നാൽ കാഞ്ഞങ്ങാട് വെയർ ഹൗസിലേക്കുള്ള ലോഡ് മുടക്കുമെന്നു ലോറി തൊഴിലാളികളും പ്രഖ്യാപിച്ചതോടെ റേഷൻ വിതരണം സ്തംഭിക്കാനും സാധ്യതയേറി. ഹൊസ്ദുർഗ് കോടതിക്കു സമീപത്തെ വെയർ ഹൗസാണ് സിവിൽ സപ്ലൈസിന്റെ റേഷൻ ധാന്യ ഗോഡൗൺ ആയി പ്രവർത്തിക്കുന്നത്. ഇവിടെ സിഐടിയു, ബിഎംഎസ് തൊഴിലാളി യൂണിയനുകൾ തമ്മിൽ സാങ്കേതിക പ്രശ്നങ്ങളെച്ചൊല്ലി ഉടലെടുത്ത തർക്കമാണ് മിന്നൽ പണിമുടക്കിലേക്കെത്തിയത്.
മുൻകൂർ അറിയിപ്പില്ലാതെ തൊഴിലാളികൾ പണിമുടക്കിയെങ്കിലും നീലേശ്വരം എഫ്സിഐയിൽ നിന്നുള്ള ലോറികൾ പതിവു പോലെ ലോഡുമായി ഇങ്ങോട്ടു നീങ്ങി. തൊഴിലാളികൾ ലോഡിറക്കാതായതോടെ ലോറികൾ ഇവിടെ സ്തംഭിച്ചു. 10 ലോറികൾ ഇതിനകം ഇവിടെ എത്തിയിരുന്നു. കിലോമീറ്ററുകൾ അകലെ നിന്നുള്ള തൊഴിലാളികൾ വരെ ലോറിയെടുക്കാൻ നീലേശ്വരത്തെത്തുന്നുണ്ട്. തൊഴിലാളി സമരത്തിനെതിരെ പരാതിയില്ലെന്നും മുന്നറിയിപ്പില്ലാതെ നടത്തിയ സമരം ലോറി തൊഴിലാളികൾക്കു വരുത്തിയ നഷ്ടം പരിഹരിച്ചില്ലെങ്കിൽ റേഷൻ വിതരണം നിർത്തി വയ്ക്കുമെന്നും സിഐടിയു ഗുഡ്സ് തൊഴിലാളി ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി അറിയിച്ചു

