ഉയരുന്നതു 4 മേൽപാലങ്ങൾ; നാടിന്റെ മുഖഛായ തന്നെ മാറ്റും, ക്രോസിങ് അടിപ്പാത വഴി മാത്രം…

കാസർകോട് ∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പ്രധാന ജംക്‌ഷനുകളിൽ 4 പുതിയ മേൽപാലങ്ങളാണ് വരുന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സഹായകരമാവുമെന്നതിനു പുറമേ നാടിന്റെ മുഖഛായ തന്നെ മാറ്റുന്നതാകും ഈ ഫ്ലൈ ഓവറുകൾ. കാസർകോട് കറന്തക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് സമീപം നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രം വരെ 1.20 കിലോമീറ്റർ ദൂരത്തിലാണ് മേൽപാലം പണിയുന്നത്. ജില്ലയിൽ ദേശീയപാത വികസനത്തിനു നിർമിക്കുന്ന ഏറ്റവും നീളം കൂടിയ മേല്പാലമാണിത്
ചെർക്കള, മാവുങ്കാൽ–പാണത്തൂർ റോഡ് ജംക്‌ഷൻ, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് മറ്റ് 3 പുതിയ മേൽപാലങ്ങൾ. 3 ഇടങ്ങളിലും 27.5 മീറ്റർ വീതിയിലാണ് പാലം നിർമാണം. 70 മീറ്റർ നീളത്തിലാണ് മാവുങ്കാൽ–പാണത്തൂർ റോഡ് ജംക്‌ഷൻ, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിലെ മേൽപാലങ്ങൾ. 390 മീറ്റർ ആണ് ചെർക്കള ടൗണിലെ മേൽപാലത്തിന്റെ നീളം.
ചെർക്കള ടൗണിലെ മേൽപാലം ഒഴിവാക്കണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. നീലേശ്വരം പള്ളിക്കരയിൽ റെയിൽവേ ക്രോസിനു മുകളിൽ റെയിൽവേയുടെ മേൽപാലം പണി പുരോഗമിക്കുകയാണ്. പടന്നക്കാട് നിലവിലെ റെയിൽവേ മേൽപാലത്തോടു ചേർന്ന് സമാന്തരമായി മറ്റൊരു മേൽപാലം കൂടി പണിയും. 104.6 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള റെയിൽവേ മേൽപാലമാണ് പടന്നക്കാട് പണിയുന്നത്. ഇതോടെ ജില്ലയിൽ 6 മേൽപാലങ്ങളാവും.
ക്രോസിങ് അടിപ്പാത വഴി മാത്രം
ദേശീയ പാത പൂർത്തിയാകുന്നതോടെ നേരിട്ട് റോഡ് ക്രോസ് ചെയ്തും യു ടേൺ എടുത്തും വാഹനങ്ങൾക്ക് പോകുന്നതിനുള്ള സംവിധാനങ്ങൾ കുറയും. ഇതു പരിഹരിക്കാനാണ് അടിപ്പാതകൾ പണിയുന്നത്. 25 അടിപ്പാതകളാണ് ഈ രീതിയിൽ ജില്ലയിൽ വരുന്നത്. ശരാശരി 5 കിലോമീറ്റർ കഴിഞ്ഞാൽ മാത്രമാവും വാഹനങ്ങൾക്ക് അടിപ്പാത വഴി ക്രോസിങ് ഉണ്ടാവുക.സർവീസ് റോഡ് വഴി അടിപ്പാതയിൽ പ്രവേശിച്ച് മറുവശത്തേക്ക് കടക്കാവുന്ന രീതിയിലാണ് അടിപ്പാത നിർമാണം. 5 കിലോമീറ്റർ ഇടവിട്ടാണ് ക്രോസിങ്ങിനുള്ള അടിപ്പാത നിർമാണത്തിനുള്ള ശരാശരി ദൂരമെങ്കിലും പ്രധാന ടൗണുകളുള്ള സ്ഥലങ്ങളിൽ ഇതിൽ ഇളവുണ്ടാവും.
മാറുന്നതു പഴയ കാഴ്ചകൾ
ബ്രിട്ടിഷുകാർ വരുന്നതിനു മുൻപ് നടപ്പാതകൾ ആയിരുന്നു കൂടുതലും. യാത്രക്കാർക്കു വിശ്രമിക്കാൻ വഴിയോരത്ത് മരം നട്ടുവളർത്തിയിരുന്നു. ചുമട് ഇറക്കി വയ്ക്കാൻ അത്താണി (കെട്ടുകല്ല്) സ്ഥാപിച്ചിരുന്നു. യാത്രക്കാർക്കു കുടിക്കാൻ തണ്ണീർ പന്തൽ ഒരുക്കി മോരും വെള്ളവും കൊടുത്തതും പശുക്കൾക്കു വെള്ളം കുടിക്കാൻ കല്ലു കൊണ്ട് ചെത്തി ഉണ്ടാക്കിയ മരിഗ സ്ഥാപിച്ചിരുന്നതും പഴയ കഥ.
ബ്രിട്ടിഷുകാർ വന്നതോടെയാണ് ഗതാഗതത്തിന്റെ രൂപം മാറിത്തുടങ്ങിയത്. വഴികൾ റോഡുകളായി മാറി. റോഡുകളിൽ ഓടിത്തുടങ്ങിയ കാളവണ്ടിയും കുതിര വണ്ടിയും എരുത് വണ്ടിയും മാറി യന്ത്ര വാഹനങ്ങളെത്തിത്തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ വഴിയോരങ്ങളിലെ കടകളും കെട്ടിടങ്ങളും മരങ്ങളും പൊളിച്ചു മാറ്റിയതോടെ ഇനി കാസർകോടിന്റെ രൂപം തന്നെ മാറി പുതിയതാവും.
നിലവിലെ പാത ദിശമാറും
നിലവിലുള്ള ദേശീയപാതയുടെ വളവും മറ്റ് അസൗകര്യങ്ങളും ഒഴിവാക്കുന്നതിനായി ഏതാനും സ്ഥലങ്ങളിൽ ഇപ്പോഴത്തേതിൽ നിന്നു ദിശ മാറിയാണ് പണി നടക്കുന്നത്. ചെർക്കളയിൽ 1 കിലോമീറ്റർ ദൂരം റോഡ് ഇപ്പോഴത്തേതിൽ നിന്നു ദിശമാറും. തെക്കിൽ 800 മീറ്റർ ദൂരവും നിലവിലെ റൂട്ട് ദിശമാറും. തെക്കിൽ ഭാഗത്തെ വലിയ വളവും കയറ്റിറക്കവും പരമാവധി ഒഴിവാക്കുന്നതിനാണ് ഇവിടങ്ങളിൽ ഇത്രയും ദൂരം അലൈൻമെന്റ് മാറ്റുന്നത്. പെരിയയിൽ 400 മീറ്റർ ,കാഞ്ഞങ്ങാട് മൂലക്കണ്ടം 450 മീറ്റർ, നീലേശ്വരം 350 മീറ്റർ, മയ്യിച്ച 450 മീറ്റർ, ചെറുവത്തൂർ കൊവ്വലിൽ നിലവിലുള്ള വളവ് ഒഴിവാക്കി പടിഞ്ഞാറു നിന്നു മട്ട്ലായിയിലേക്ക് 1.8 കിലോമീറ്റർ, പിലിക്കോട് സ്കൂൾ പരിസരം കഴിഞ്ഞ് 700 മീറ്റർ ദൂരം എന്നിങ്ങനെയാണ് പ്രധാനമായും ദേശീയപാത ദിശ മാറുന്ന ഭാഗങ്ങൾ.

