ഫ്ലാറ്റില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസ്: ഡോക്ടറുടെ കൂട്ടുപ്രതികളായ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

എറണാകുളം: തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായിരുന്ന ദന്ത ഡോക്ടറുടെ കൂട്ടുപ്രതികളെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ രണ്ടാം പ്രതി കളമശ്ശേരി പള്ളിലാംകര ചൈതന്യ റോഡ് ബൈ ലൈനില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ വലിയമരം വാർഡില്‍ പുന്നക്കല്‍ പുരയിടം വീട്ടില്‍ സുഹൈല്‍ നൗഷാദ് (31), ഇവർക്ക് വില്പനയ്ക്കായി മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കിയ ആലപ്പുഴ ആറാട്ട് വഴി കനാല്‍ വാർഡ് പാണ്ടിയാലക്കല്‍ വീട് അരവിന്ദ് പി (27), മയക്കുമരുന്ന് കച്ചവടത്തിനായി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നല്‍കിയ തിരുവനന്തപുരം നെല്ലനാട് മുതാക്കല്‍ കുന്നുവിള വീട് വിഷ്ണു നാരായണൻ (34) എന്നിവരാണ് പിടിയിലായത്.
ഇതില്‍ രണ്ടാം പ്രതി കേസന്വേഷണത്തിനിടെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മറ്റു രണ്ട് പ്രതികളെ ഹില്‍പാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യേശുദാസ് എ.എല്‍, എഎസ്‌ഐ ഉമേഷ് കെ.ചെല്ലപ്പൻ, സിപിഒ മാരായ ബൈജു, സിജിത്ത്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ആലപ്പുഴ സ്വദേശി ഡോ.രഞ്ചു ആൻ്റണിയെ 2.56 ഗ്രാം എംഡിഎംഎ, 18.45 ഗ്രാം എല്‍എസ്ഡി ഷുഗർ ക്യൂബ്, 33.68 ഗ്രാം കഞ്ചാവ് എന്നിവയുമായി പേട്ട പാലത്തിനടുത്തുള്ള കെ.പി വർക്കി ആൻ്റ് വിഎസ് ബില്‍ഡേഴ്സ് ഗോള്‍ഡൻ മെട്രോ ഫ്ലാറ്റില്‍ നിന്നും കഴിഞ്ഞ ജനുവരി 16നാണ് സിറ്റി ഡാൻസാഫ് വിഭാഗം അറസ്റ്റ് ചെയ്തത്. നാലു പ്രതികളും റിമാൻഡിലാണ്.

