മഴ കനത്തു; വെള്ളത്തിൽ മുങ്ങി ദേശീയ പാതയോരങ്ങൾ

കുമ്പള ∙ മഴ കനത്തതോടെ ദേശീയപാതയോരങ്ങൾ വെള്ളത്തിൽ മുങ്ങിത്തുടങ്ങി. ദേശീയപാത നിർമാണത്തിൽ കലുങ്കുകളും ഓവുചാലുകളും അടഞ്ഞതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. മഴ കനക്കുന്നതോടെ ദേശീയപാതയോരവും സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും എല്ലാം വെള്ളത്തിൽ മുങ്ങുമെന്നും ഒപ്പം ഗതാഗത തടസ്സത്തിനും കാരണമാകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
കാലവർഷം തുടങ്ങുന്നതിനു മുൻപേ ദേശീയപാത നിർമാണത്തിൽ കലുങ്കുകളുടെയും, ഓവുചാലുകളുടെയും ജോലികൾക്ക് മുൻഗണന നൽകണമെന്ന് നാട്ടുകാരും,ജനപ്രതിനിധികളും, സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതു ചെയ്യാത്തതാണു വെള്ള ക്കെട്ട് ഭീഷണിക്കു കാരണമായതെന്നു നാട്ടുകാർ പറയുന്നു.
അതിനിടെ വെള്ളക്കെട്ട് നേരിടാൻ ദേശീയപാത നിർമാണ കമ്പനിയുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, നിർമാണ കമ്പനിയുടെ ചുമതലയുള്ള പ്രതിനിധികൾ ചേർന്നു ഈ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കുമ്പള,ആരിക്കാടി ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് അൻവർ ആരിക്കാടി ബന്ധപ്പെട്ടവർക്കു പരാതി നൽകി.

