KSDLIVENEWS

Real news for everyone

ഭീകരര്‍ക്കെതിരായ ‘ആയുധം’ മോദി രാജ്യത്തിനെതിരെ പ്രയോഗിച്ചു- തന്റെ ഫോണും ചോര്‍ത്തിയെന്ന്‌ രാഹുല്‍

SHARE THIS ON

ന്യൂഡൽഹി: പെഗാസസ് വിവാദം കത്തുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. തന്റെ ഫോണുകളെല്ലാം ചോർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് രാഹുൽ ഗാന്ധി നടത്തിയത്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഫോൺ നിരീക്ഷിച്ചതായി തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ ഫോൺ അവർ ചോർത്തി. ഒന്നല്ല എല്ലാ ഫോണുകളും ചോർത്തി. മറ്റ് പ്രമുഖരുടെ പോലെയല്ല, എന്റെ ഫോൺ ചോർത്തിയിട്ട് അവർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല.. ഞാൻ ഭയപ്പെടുന്നില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളൂ”, രാഹുൽ ഗാന്ധി പറഞ്ഞു.


തന്റെ ഫോൺ ചോർത്തുന്ന വിവരം അറിയിച്ചുകൊണ്ട് ഐബി ഉദ്യോഗസ്ഥരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫോൺ കോളുകൾ വന്നിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

തീവ്രവാദികൾക്കെതിരേ ഉപയോഗിക്കേണ്ട പെഗാസസ് എന്ന ആയുധം ഇന്ത്യൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വന്തം രാജ്യത്തിനെതിരേ ഉപയോഗിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.


ഇസ്രായേൽ സർക്കാർ പെഗാസസിനെ ഒരു ആയുധമായാണ് കണക്കാക്കുന്നത്. ആ ആയുധം തീവ്രവാദികൾക്കെതിരായാണ് പ്രയോഗിക്കപ്പെടേണ്ടത്. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ ആയുധം ഇന്ത്യക്കെതിരേയും ഇന്ത്യയിലെ സംവിധാനങ്ങൾക്കെതിരേയും ഉപയോഗിച്ചിരിക്കുകയാണ്, രാഹുൽ ഗാന്ധി പറഞ്ഞു.

ഇത് അന്വേഷിക്കപ്പെടണമെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പെഗാസസ് ചോർത്തൽ അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാഷ്ട്രീയനേട്ടത്തിനും പെഗാസസിനെ അവർ ഉപയോഗിച്ചു. കർണാടകയിൽ അത് കണ്ടതാണ്. സുപ്രീം കോടതിക്കെതിരേയും ഉപയോഗിച്ചു. ഇത് അന്വേഷിക്കപ്പെടേണ്ടതാണ്. ആഭ്യന്തര മന്ത്രി രാജിവെക്കുകയാണ് വേണ്ടത്, രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!