താലിബാന് ശ്രമിക്കുന്നത് ലോകത്തിന്റെ അംഗീകാരം നേടാന്‍, അവരെ വിശ്വസിക്കുന്നില്ലെന്ന് ജോ ബൈഡന്

വാഷിങ്ടൺ: നിയമ സാധുതയ്ക്കും മറ്റു രാജ്യങ്ങളുടെ അംഗീകാരത്തിനും വേണ്ടിയാണ് താലിബാൻ ശ്രമിക്കുന്നതെന്നും അവർ നൽകുന്ന വാഗ്ദാനങ്ങൾ വിശ്വസിക്കാൻ തയ്യാറല്ലെന്നും യുഎസ് പ്രഡിഡന്റ് ജോ ബൈഡൻ. താലിബാൻ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ അവർ പാലിക്കുന്നുണ്ടോ ഇല്ലയോ എന്നത് തങ്ങൾ നിരീക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു.
വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താലിബാനോടുള്ള സമീപനം ബൈഡൻ വ്യക്തമാക്കിയത്. അഫ്ഗാനിലെ ജനങ്ങൾക്ക് സാമ്പത്തിക-വാണിജ്യ മേഖലകളിൽ സഹായം ആവശ്യമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
‘ഞാൻ ആരേയും വിശ്വസിക്കുന്നില്ല. താലിബാൻ അടിസ്ഥാനപരമായ ഒരു തീരുമാനം എടുക്കണം. 100 വർഷമായി ആരും ചെയ്യാത്ത, അഫ്ഗാനിസ്താനിലെ ജനങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി താലിബാൻ ശ്രമിക്കുമോ? അങ്ങനെ ചെയ്യുകയാണെങ്കിൽ അവർക്ക് എല്ലാ തരത്തിലുള്ള സഹായവും ആവശ്യമായി വരും’, ബൈഡൻ പറഞ്ഞു.
താലിബാൻ പറയുന്നതുപോലെ ചെയ്യുമോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. മറ്റു രാജ്യങ്ങൾ തങ്ങളെ അംഗീകരിക്കുമോ ഇല്ലയോ എന്ന് നിർണയിക്കാൻ അവർ നിയമസാധുത തേടുന്നുണ്ട്. നയതന്ത്ര സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞങ്ങളോടെന്ന പോലെ അവർ മറ്റു രാജ്യങ്ങളോടും പറഞ്ഞിട്ടുണ്ട്. ഈ ചർച്ചകളൊക്കെ നടക്കുന്നുണ്ട്. ഇതുവരെ താലിബാൻ യുഎസ് സേനയ്ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി.
യുഎസ് സൈന്യത്തിന്റെ മേൽനോട്ടത്തിൽ രാജ്യങ്ങൾ അഫ്ഗാനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ചുവരുന്നതിനിടെയാണ് ബൈഡന്റെ വാക്കുകൾ.

