KSDLIVENEWS

Real news for everyone

സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാള്‍ നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; എഎസ്ഐയെ ചവിട്ടിവീഴ്ത്തി

SHARE THIS ON

ഗുരുവായൂര്‍: ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാള്‍ നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തടയാനെത്തിയ എ.എസ്.ഐ.യെ ചവിട്ടി തള്ളിയിട്ടു. ഒടുവില്‍ പോലീസ് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരിയിലുള്ള ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂനംമൂച്ചി തരകന്‍ മേലയില്‍ വിന്‍സന്‍ (52) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് ഇയാള്‍ അക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു.

കൂനംമൂച്ചി സ്വദേശിയായ സന്തോഷിനെ ഭീഷണിപ്പെടുത്തിയതിന് ഇയാളുടെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിനായി തിങ്കളാഴ്ച ഉച്ചയ്ക്കുമുമ്പ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. കാറുമായി സ്റ്റേഷന്‍വളപ്പിലേക്ക് കടന്ന ഇയാള്‍ പോലീസിനെതിരേ അസഭ്യം പറയാന്‍ തുടങ്ങി.

കാറിലുണ്ടായിരുന്ന ബിഗ്ബുള്‍ ഇനം നായയെ സ്റ്റേഷന്റെ ഉള്ളിലേക്ക് അഴിച്ചുവിടാന്‍ ശ്രമിച്ചു. പോലീസുകാര്‍ അടുത്തുവന്നപ്പോള്‍ നായയെ കാറിലേക്കുതന്നെ മാറ്റി. തുടര്‍ന്ന് അടുത്തുകിടന്നിരുന്ന കൈക്കോട്ടെടുത്ത് വീശുകയും ഭീഷണിമുഴക്കുകയും ചെയ്തു.

ഇതിനിടെ എ.എസ്.ഐ. ഗോപിനാഥനെ ചവിട്ടി. ബലം പ്രയോഗിച്ച് ഗേറ്റ് തകര്‍ക്കാനായി അടുത്ത ശ്രമം. ഇതിനിടയില്‍ സ്വന്തം കാറിന്റെ പിന്നിലെ ചില്ലും തകര്‍ത്തു. ഒടുവില്‍ അക്രമിയെ പോലീസുകാര്‍ കീഴ്പ്പെടുത്തുകയായിരുന്നു. വിലങ്ങുവെച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. അക്രമം പോലീസുകാര്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

വിന്‍സന്റെ വീട്ടുകാരെ പോലീസ് വിളിച്ചുവരുത്തി നായയെ കൊടുത്തുവിട്ടു. മുണ്ടൂരില്‍ പാഴ്സല്‍ സര്‍വീസ് നടത്തുന്നയാളാണ് വിന്‍സന്‍. ഇയാളെ വൈകീട്ട് ചാവക്കാട് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!